പല്ലുവേദനയ്ക്ക് വീട്ടിൽത്തന്നെ പരിഹാരം കാണാം
പലകാരണങ്ങൾകൊണ്ടും പല്ലുവേദന അനുഭവപ്പെടാം. വായിൽ വളരുന്ന ബാക്ടീരിയ മോണരോഗത്തിനും ദന്തക്ഷയത്തിനും കാരണമാകാറുണ്ട്. ഇവ രണ്ടും വേദനയ്ക്ക് കാരണമാകും. രാത്രിയിലുള്ള അസഹ്യമായ വേദന ഉറക്കംപോലും നഷ്ടപ്പെടുത്താറുണ്ട്. ബ്രഷ് ചെയ്യുക, വർഷത്തിൽ രണ്ടുതവണ പല്ലുകൾ ഡെന്റിസ്റ്റിനെക്കണ്ട് വൃത്തിയാക്കുക എന്നിവയിലൂടെ ഭൂരിഭാഗം ദന്ത പ്രശ്നങ്ങളും തടയാൻ കഴിയും. എന്നാൽ പെട്ടെന്നൊരു വേദന വന്നാൽ വീട്ടിൽ തന്നെ അതിനുള്ള പരിഹാരങ്ങൾ കാണേണ്ടതുണ്ട്. അത്തരം ചില പൊടിക്കൈകൾ പരിചയപ്പെടാം.
പല്ലുവേദന കുറയ്ക്കാൻ ആദ്യം തന്നെ ചെയ്യേണ്ടത്, ഉപ്പുവെള്ളത്തിൽ കവിൾകൊള്ളുക എന്നതാണ്. പ്രകൃതിദത്ത അണുനാശിനിയാണ് ഉപ്പുവെള്ളം. പല്ലിനിടയിൽ കുടുങ്ങുന്ന അഴുക്കുകളും അണുക്കളുമെല്ലാം ഉപ്പുവെള്ളം നീക്കം ചെയ്യും. ചെറു ചൂടുള്ള വെള്ളത്തിൽ ഉപ്പു ചേർത്താണ് കവിൾകൊള്ളേണ്ടത്. വെളുത്തുള്ളിയല്ലി ചതച്ച് പേസ്റ്റ് രൂപത്തിലാക്കി വേദനയുള്ള ഭാഗത്ത് വെയ്ക്കാം. അല്പം ഉപ്പുകൂടി ചേർത്താൽ വളരെ നല്ലതാണ്. വെളുത്തുള്ളി വെറുതെ ചവയ്ക്കുന്നതും പല്ലുവേദനയ്ക്ക് ശമനമുണ്ടാക്കും.
ഹൈഡ്രജൻ പെറോക്സൈഡ് വെള്ളത്തിൽ ലയിപ്പിച്ച് കവിൾകൊള്ളുന്നത് മോണയിലെ വീക്കവും മുറിവും കുറയ്ക്കും. ഇത് ബാക്ടീരിയകളെ കൊല്ലുകയും മോണയിലെ രക്തസ്രാവത്തെ കുറയ്ക്കുകയും ചെയ്യും. കാലങ്ങളായി വിവിധ പ്രശ്നങ്ങൾക്ക് വെളുത്തുള്ളി ഒരു വീട്ടുവൈദ്യമായി ഉപയോഗിക്കുന്നുണ്ട്. പല്ലിന് ദോഷകരമായ ബാക്ടീരിയകളെ വെളുത്തുള്ളിക്ക് ഇല്ലാതാക്കാനും വേദന ശമിപ്പിക്കാനും സാധിക്കും.
Story highlights- oral health tips