കട്ടൗട്ട് പോര് തുടരുന്നു; റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടുമായി മലയാളി ആരാധകർ, ഉയർത്തിയത് ക്രെയിൻ ഉപയോഗിച്ച്

November 4, 2022

കേരളത്തിൽ കട്ടൗട്ട് പോര് തുടരുകയാണ്. നേരത്തെ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ കട്ടൗട്ട് ഉയർത്തി മെസി-നെയ്‌മർ ആരാധകർ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ ഇവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ക്രിസ്റ്റിയാനോ റൊണാൾഡോ ആരാധകർ. കോഴിക്കോട് താമരശ്ശേരിയിൽ റൊണാൾഡോയുടെ ഭീമൻ കട്ടൗട്ട് സ്ഥാപിച്ചിരിക്കുകയാണ് ആരാധകർ. ആരാധകരുടെ രസകരമായ കട്ടൗട്ട് പോരിന്റെ അടുത്ത ഘട്ടമെന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളികൾ.

അതേ സമയം കേരളത്തിലാകെ ടീമുകളുടെയും താരങ്ങളുടെയും കട്ടൗട്ടുകളും ഫ്ളക്സുകളും നിറയുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ വൈറലായത് കോഴിക്കോട്ടെ പുള്ളാവൂർ ഗ്രാമത്തിലെ പുഴയുടെ നടുവിലുയർത്തിയ മെസിയുടെ വമ്പൻ കട്ടൗട്ടായിരുന്നു. ലോകമെങ്ങുമുള്ള അർജന്‍റീന ആരാധകർ ഇതിന്റെ വിഡിയോ ഷെയർ ചെയ്‌ത്‌ വൈറലാക്കിയിരുന്നു. പുള്ളാവൂരിലെ അർജന്‍റീന ആരാധകർ കട്ടൗട്ടുമായി പോകുന്നതിന്‍റെയും പുഴയിൽ സ്ഥാപിക്കുന്നതിന്‍റെയും വിഡിയോ വൈറലായത് നിമിഷ നേരം കൊണ്ടാണ്.

എന്നാൽ ഇതിന് ശേഷം മറ്റൊരു വിഡിയോ വൈറലായി മാറിയിരുന്നു. അർജന്‍റീന ആരാധകർക്കുള്ള മറുപടിയായി നെയ്‌മറിന്റെ കൂറ്റൻ കട്ടൗട്ട് വച്ചിരിക്കുകയാണ് ബ്രസീൽ ആരാധകർ. മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടിയായി നെയ്മറിന്റെ 40 അടി കട്ടൗട്ടാണ് അതേ പുഴയിൽ ബ്രസീൽ ആരാധകർ ഉയർത്തിയത്. തല ഉയർത്തി നിൽക്കുന്ന മെസ്സിയും നെയ്‌മറുമെല്ലാം ആരാധകർക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല.

Read More: “മെസിയെ പോലെ മെസി മാത്രം..”; നെയ്‌മറുടെ വാക്കുകൾ ശ്രദ്ധേയമാവുന്നു

കുറച്ചു ദിവങ്ങൾക്ക് മുമ്പാണ് പുള്ളാവൂരിലെ അർജന്‍റീന ആരാധകര്‍ ചെറുപുഴയിൽ അർജന്‍റീനയുടെ നീലയും വെള്ളയും ജേഴ്‌സി ധരിച്ച് നില്‍ക്കുന്ന മെസ്സിയുടെ 30 അടിക്ക് മുകളില്‍ ഉയരമുള്ള കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ചത്. ഫോക്‌സ് സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇത് വാർത്തയായിരുന്നു. കൂടാതെ അർജന്‍റീന ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പുള്ളാവൂരിലെ അർജന്‍റീന ആരാധകരും ഈ കൂറ്റന്‍ കട്ടൗട്ടും ഇടംപിടിച്ചു. ഇതിനു പിറകെയാണ് വിട്ടുകൊടുക്കാതെ ബ്രസീൽ ആരാധകർ എത്തിയിരിക്കുന്നത്.

Story Highlights: Ronaldo fans with his cut out