റോഷാക്ക് പോസ്റ്ററിൽ മമ്മൂട്ടിയും ആസിഫ് അലിയും ഒരുമിച്ച്; ചിത്രം നവംബർ 11 മുതൽ ഒടിടിയിൽ

November 9, 2022

തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം പൂർത്തിയാക്കി മമ്മൂട്ടി ചിത്രം റോഷാക്ക് ഒടിടി റിലീസിനൊരുങ്ങുകയാണ്. നവംബർ 11 ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം ഓൺലൈനായി റിലീസ് ചെയ്യുന്നത്.

ഒടിടി റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ പുതിയൊരു പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിയുടേയും ആസിഫ് അലിയുടെയും കഥാപാത്രങ്ങൾ മുഖംമൂടി ധരിച്ചു നിൽക്കുന്ന ഫോട്ടോയാണ് പോസ്റ്ററിലുള്ളത്. ഇതാദ്യമായാണ് ഇരുവരും ഒരുമിച്ചുള്ള ഒരു പോസ്റ്റർ പുറത്തിറങ്ങുന്നത്.

നേരത്തെ ആസിഫ് അലിയെ പ്രശംസിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി മാറിയിരുന്നു. അബുദാബിയിൽ വച്ച് നടന്ന റോഷാക്കിന്റെ വിജയാഘോഷ ചടങ്ങിനിടയിലാണ് മമ്മൂട്ടി ആസിഫ് അലിയെയും അദ്ദേഹത്തിന്റെ അഭിനയത്തേയും പ്രശംസിച്ച് സംസാരിച്ചത്.

Read More: “പെയിന്റിങ്ങുമായി ഒതുങ്ങി കൂടാമെന്ന് കരുതി, അപ്പോഴാണ് മമ്മൂക്കയുടെ വിളി വരുന്നത്..”; റോഷാക്കിൽ അഭിനയിക്കാൻ എത്തിയതിനെ പറ്റി കോട്ടയം നസീർ

“ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ സ്നേഹമാണ് ആസിഫ് അലിയോട്. കാരണം ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ മുഖമാണ് പ്രധാനം ശരീരത്തിന് അപ്പുറത്തേക്ക്. ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ, മുഖം കൊണ്ട് അഭിനയിച്ച ആളുകളേക്കാള്‍ നിങ്ങള്‍ ബഹുമാനിക്കണം. അയാള്‍ക്കൊരു കൈയടി വേറെ കൊടുക്കണം. ഒന്നുകൂടി. മനുഷ്യന്‍റെ ഏറ്റവും എക്സ്പ്രസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ച് നോക്കണം. ആ കണ്ണുകള്‍ കണ്ടാണ് ആസിഫ് അലി സിനിമയില്‍ ഉണ്ടെന്ന് അറിയാതിരുന്നവര്‍ നടനെ തിരിച്ചറിഞ്ഞത്. അത്രത്തോളം ഒരു നടന്‍ കണ്ണുകൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മറ്റെല്ലാ അഭിനേതാക്കള്‍ക്കും അഭിനയിക്കാന്‍ മറ്റെല്ലാ അവയവങ്ങളും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ ആസിഫ് അലിക്ക് കണ്ണുകള്‍ ഉപയോ​ഗിക്കാനുള്ള അവസരമേ ഉണ്ടായിട്ടുള്ളൂ. ഒരു കൈയടി കൂടി” മമ്മൂട്ടി പറഞ്ഞു.

Story Highlights: Rorschach new poster featuring mammootty and asif ali