എനിക്കിത്തിരി നന്മ കൂടുതലാണെന്ന ആക്ഷേപം ഇതോടെ മാറിക്കിട്ടും; വിനീത് ശ്രീനിവാസൻ

November 1, 2022

വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്.’ സമൂഹമാധ്യമങ്ങളിൽ ചിത്രത്തിന്റെ പ്രചരണാർത്ഥം പങ്കുവെയ്ക്കപ്പെടുന്ന പോസ്റ്റുകളൊക്കെ വലിയ രീതിയിൽ ശ്രദ്ധേയമായി മാറിയിരുന്നു. വക്കീലായിട്ടാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിലെത്തുന്നത്.

ഇപ്പോൾ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് വിനീത്. ”എന്റെ ചിത്രങ്ങളിലെല്ലാം നന്മ കൂടുതലാണെന്ന ഒരു ആക്ഷേപം പൊതുവെ ഉണ്ട്. അത് ഇതോടെ മാറിക്കിട്ടും. ഇതുവരെ ചെയ്തതിൽ നിന്നും തീർത്തും വ്യത്യസ്തനായി സ്വാർത്ഥനായ ഒരാളാണ് അഡ്വ. മുകുന്ദനുണ്ണി. അതുകൊണ്ട് തന്നെ എന്താകും പ്രേക്ഷകപ്രതികരണം എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഞാൻ.” നല്ല ക്യൂരിയോസിറ്റിയുണ്ടെന്നും താരം പ്രതികരിച്ചു. ചിത്രത്തിൻറെ പ്രചരണാർത്ഥം കൊച്ചിയിൽ വെച്ച് നടന്ന വിദ്യാത്ഥികളുമായുള്ള ആശയവിനിമയത്തിനിടയിലായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തൽ.

വ്യത്യസ്തമായ പ്രചാരണ പരിപാടികളാൽ ഇതിനോടകം തന്നെ അഡ്വ. മുകുന്ദനുണ്ണി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്. പി ആർ ഒ ആതിര ദിൽജിത്ത് ആണ്. നവംബര്‍ 11 ന് ചിത്രം തീയേറ്ററുകളിലെത്തും.

അതേ സമയം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നടന്ന ഒരു രസകരമായ സംഭവം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി എന്ന പേജ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ തന്റെ ഫേസ്ബുക്ക് പേജ് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് നിരക്കുന്നതല്ലെന്ന് കാണിച്ച് പേജ് പോയതായി പറഞ്ഞ് മുകുന്ദന്‍ ഉണ്ണി എന്ന ഇന്‍സ്റ്റ പേജില്‍ പോസ്റ്റ് വന്നിരുന്നു. തുടര്‍ന്ന് വൈകിട്ടാണ് താന്‍ പറഞ്ഞ പോലെ തിരികെ വന്നെന്ന് പറഞ്ഞു കൊണ്ട് കിടിലന്‍ ഫോട്ടോഷോപ്പ് ചിത്രവുമായി അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി ഫേസ്ബുക്ക് പേജ് തിരികെ വന്നത്.

Read More: “കേസ് കൊടുക്കണം, ചിരിച്ച് വയറുളുക്കിയതിന് നഷ്‌ടപരിഹാരം വേണം..”; ‘ജയ ജയ ജയ ജയ ഹേ’ ചിത്രത്തിന് വലിയ പ്രശംസയുമായി ബെന്യാമിൻ

Story Highlights: Vineeth sreenivasan about adv. mukundan unni associates