സൂര്യ പിന്മാറിയ ചിത്രത്തിലേക്ക് യുവനടനെത്തുന്നുവെന്ന് സൂചന…
ബാല സംവിധാനം ചെയ്യുന്ന ‘വണങ്കാൻ’ എന്ന ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറിയെന്ന വാർത്ത കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയിരുന്നു. സേതു, പിതാമകൻ, നാൻ കടവുൾ അടക്കം ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഒരു പിടി സിനിമകൾ ചെയ്ത സംവിധായകനാണ് ബാല. നവതമിഴ് സിനിമയുടെ നവീകരണത്തിന് ചുക്കാൻ പിടിച്ച സംവിധായകരിലൊരാളായി കരുതപ്പെടുന്ന ബാലയും സൂപ്പർ താരം സൂര്യയും പിതാമകന് ശേഷം വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന വാർത്ത വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സൂര്യ തന്നെയാണ് ഈ കാര്യം തന്റെ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചത്.
ഇപ്പോൾ സൂര്യ പിന്മാറിയ റോളിലേക്ക് തമിഴിലെ യുവനടൻ അഥര്‍വ എത്തുന്നുവെന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. നേരത്തെ ബാല സംവിധാനം ചെയ്ത ‘പരദേശി’ എന്ന ചിത്രത്തില്‍ അഥര്‍വ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇതിനെ പറ്റി ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.
നേരത്തെ ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറിയെന്ന വാർത്ത ബാല തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. “കഥയിലെ ചില മാറ്റങ്ങള്‍ കാരണം സൂര്യക്ക് അത് ചേരുമോ എന്ന ആശങ്ക എനിക്കുണ്ട്. എന്നിലും കഥയിലും സൂര്യക്ക് ഇപ്പോഴും പൂര്‍ണ വിശ്വാസമുണ്ട്. പക്ഷേ എന്നെ ഇത്രയധികം സ്നേഹിക്കുന്ന അനുജന് ഞാൻ കാരണം ഒരു മോശവും ഉണ്ടാകരുത് എന്നത് സഹോദരനായ എന്റെ കടമയാണ്. ‘വണങ്കാൻ’ എന്ന സിനിമയില്‍ നിന്ന് സൂര്യ പിൻമാറാൻ ഞങ്ങള്‍ രണ്ടുപേരും ചര്‍ച്ച ചെയ്ത് ഏകകണ്ഠമായി തീരുമാനിച്ചു. വല്ലാത്ത സങ്കടമുണ്ടെങ്കിലും എന്റെ താല്പര്യം മുൻനിര്‍ത്തിയുള്ള തീരുമാനം തന്നെയാണ് അത്”- ബാല കുറിച്ചു.
Read More: ‘മണി, പസിക്കിത് മണി..’- ജയറാമിന് കാളിദാസ് നൽകിയ രസികൻ പണി, ഒപ്പം പൊട്ടിച്ചിരിയോടെ പാർവതി- വിഡിയോ
അതേ സമയം വിക്രമിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത പിതാമകനിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചത്. 18 വർഷങ്ങൾക്ക് ശേഷമാണ് ബാലയും സൂര്യയും മറ്റൊരു ചിത്രത്തിനായി വീണ്ടും ഒരുമിക്കാനിരുന്നത്. ‘എന്റെ മെൻറ്ററായ ബാല അണ്ണൻ എനിക്ക് ആക്ഷൻ പറയാനായി കാത്തിരിക്കുകയായിരുന്നു ഞാൻ. 18 വർഷങ്ങൾക്ക് ശേഷം ഇന്ന് ഈ നിമിഷം ആ സന്തോഷമുണ്ടായി. നിങ്ങളുടെ എല്ലാവരുടെയും ആശംസകൾ ഞങ്ങൾക്കുണ്ടാവണം.’- സംവിധായകൻ ബാലയോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് സൂര്യ ചിത്രം പ്രഖ്യാപിച്ചത്.
Story Highlights: Young tamil actor replaces surya in bala movie