“മൂന്നാമത്തെ ഗോൾ ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസമാണ് കാണിക്കുന്നത്..”; ടീമിന്റെ വിജയത്തെ പറ്റി കോച്ച് ഇവാന്‍ വുകോമനോവിച്ച്

January 4, 2023

വമ്പൻ വിജയമാണ് ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മഞ്ഞപ്പട ജംഷഡ്പൂരിനെ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്‌സിനായി അപ്പോസ്തോലോസ് ജിയാനോ, ഡിമിട്രിയോസ് ഡയമാന്റിക്കോസ്, അഡ്രിയാൻ ലൂണ എന്നിവർ വലകുലുക്കി. ജംഷഡ്പൂരിനായി നൈജീരിയൻ താരം ദാനിയൽ ചീമ ഗോൾ മടക്കി.

ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തെ പറ്റി വാചാലനായിരിക്കുകയാണ് കോച്ച് ഇവാന്‍ വുകോമനോവിച്ച്. മത്സരത്തിൽ അഡ്രിയാൻ ലൂണ നേടിയ മൂന്നാമത്തെ ഗോൾ ടീമിന്റെ ആത്മവിശ്വാസത്തെയാണ് കാണിക്കുന്നതെന്നാണ് ഇവാൻ പറയുന്നത്. ആരാധക പിന്തുണയാണ് ബ്ലാസ്റ്റേഴ്‌സിന്റെ കരുത്തെന്ന് പറഞ്ഞ അദ്ദേഹം ഈ ഗോളും വിജയവും ആരാധകര്‍ക്കും ടീമിനും ഒരുപോലെ ആത്മവിശ്വാസമേകുന്നുവെന്നും കൂട്ടിച്ചേർത്തു.

അതേ സമയം ഐഎസ്എല്ലിൽ തുടർച്ചയായ എട്ടാം വിജയമാണ് മഞ്ഞപ്പട ഇന്നലെ സ്വന്തമാക്കിയത്. നിരന്തരമായ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾക്കാണ് ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ ഒൻപതാം മിനിട്ടിൽ അപ്പോസ്‌റ്റോലോസ് ജിയാനോവിലൂടെ കേരളം മുന്നിലെത്തി. ലീഡ് നേടിയ കേരളത്തെ കൂടുതൽ ആഘോഷിക്കാനനുവദിക്കാതെ ജംഷഡ്പൂർ പതിനേഴാം മിനിറ്റിൽ തിരിച്ചടിച്ചു. ദാനിയൽ ചീമയാണ് സ്കോർ ചെയ്തത്.

Read More: “ഡീഗോ ഇപ്പോൾ ചിരിക്കുന്നുണ്ടാവും..”; പെലെയുടെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് ആരാധകർക്ക് നൊമ്പരമാവുന്നു

പിന്നീട് മുപ്പത്തിയൊന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മുതലാക്കി ഡിമിട്രിയോസിലൂടെ കേരളം 2-1 ലീഡ് നേടി. ഗോൾ നിലയിൽ മാറ്റമില്ലാതെ ആദ്യ പകുതി അവസാനിപ്പിച്ച കേരളം രണ്ടാം പകുതിയിൽ ഒരു മാറ്റവുമായാണ് ഇറങ്ങിയത്. ക്യാപ്റ്റൻ ജസലിന് പകരം നിഷു കുമാർ ടീമിലെത്തി. രണ്ടാം പകുതിയുടെ അറുപത്തിയഞ്ചാം മിനിറ്റിൽ മിന്നും ഗോളിലൂടെ അഡ്രിയാൻ ലൂണ കേരളത്തിന്റെ ഗോൾ നേട്ടം മൂന്നാക്കി. തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ജംഷഡ്പൂർ മുന്നേറ്റങ്ങൾ ഏതാനും കൗണ്ടറുകളിൽ ഒതുങ്ങി. വിജയത്തോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് മൂന്നാമതെത്തി.

Story Highlights: Ivan vukomanovic about blasters win