“യൂറോപ്പിലെ ദൗത്യം പൂർത്തിയായി, ഇനി തട്ടകം ഏഷ്യ..”; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വാക്കുകൾ ശ്രദ്ധേയമാവുന്നു

January 5, 2023

വമ്പൻ വരവേൽപ്പാണ് സൗദി ക്ലബ് അല്‍- നസ്ര്‍ എഫ്‌സി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കായി ഒരുക്കിയത്. ആയിരക്കണക്കിന് ആരാധകരാണ് ടീമിന്റെ ഹോം ഗ്രൗണ്ടായ മ്‌റസൂല്‍ പാര്‍ക്കില്‍ താരത്തെ കാണാനായി എത്തിയത്. ടീമിന്റെ ജേഴ്‌സിയിൽ കുടുംബത്തോടൊപ്പം ഗ്രൗണ്ടിലെത്തിയ താരം രാത്രി നടന്ന പരിശീലന സെഷനിലും പങ്കെടുത്തു.

ആരാധകരെ അഭിവാദ്യം ചെയ്‌ത്‌ റൊണാൾഡോ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. യൂറോപ്പിലെ തന്റെ ദൗത്യം പൂർത്തിയായിയെന്നും ഇനി ഏഷ്യയാണ് തട്ടകമെന്നുമാണ് താരം പറഞ്ഞത്. ടീമിനായി തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്ന് പറഞ്ഞ താരം ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും ചെയ്‌തു.

പരസ്യയിനത്തിലടക്കം 200 മില്യൺ ഡോളർ വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് ക്രിസ്റ്റ്യാനോയുടെ കരാർ. ജനുവരി 21 ന് മ്‌റസൂല്‍ പാര്‍ക്കില്‍ അൽ-ഇത്തിഫാഖ് ക്ലബിനെതിരെ നടക്കുന്ന കളിയിൽ ക്ലബിനുവേണ്ടി റൊണാൾഡോ കളത്തിലിറങ്ങും. ആദ്യത്തെ രണ്ട് വർഷം ക്രിസ്റ്റ്യാനോ ക്ലബിൽ കളിക്കുമെന്നും അതിന് ശേഷം സൗദിയുടെ ഫുട്‌ബോൾ അംബാസഡറായി പ്രവർത്തിക്കുമെന്നുമാണ് സൂചന. 2030 ൽ ലോകകപ്പിന് വേദിയാവാൻ സൗദി അറേബ്യ ശ്രമിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോയുടെ വരവ് ഈ ശ്രമങ്ങൾക്ക് വലിയ ഊർജ്ജം പകരുമെന്നാണ് സൗദി കരുതുന്നത്.

Read More: മെസിക്ക് നെയ്‌മറുടെ നേതൃത്വത്തിൽ പിഎസ്‌ജിയുടെ ഗാർഡ് ഓഫ് ഓണർ; എംബാപ്പെയുടെ അസാന്നിധ്യം ശ്രദ്ധേയം-വിഡിയോ

അതേ സമയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അന്താരാഷ്ട്ര ഫുട്‌ബോൾ കരിയറിന് ഏകദേശം അന്ത്യമായി എന്ന് തന്നെയാണ് ആരാധകർ കരുതുന്നത്. ലോകകപ്പിൽ നിന്ന് പോർച്ചുഗൽ പുറത്തായതിന് ശേഷം ആരാധകർക്കും ഫുട്‌ബോൾ പ്രേമികൾക്കും നൊമ്പരമായി ഒരു നീണ്ട കുറിപ്പ് ക്രിസ്റ്റ്യാനോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

Story Highlights: Ronaldo says his career in europe is over