പൂക്കളുടേതോ പഴങ്ങളുടേതോ അല്ല, ഇതാണ് ലോകത്തിന് ഏറ്റവും പ്രിയപ്പെട്ട മണം!

February 15, 2023

സുഗന്ധം ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. ഓരോരുത്തർക്കും അവരവരുടെ പ്രിയപ്പെട്ട ഗന്ധമുണ്ട്. മണ്ണിന്റെ മനം ഇഷ്ടമുള്ളവരുണ്ട്, റോസാപുഷ്പങ്ങളുടെ മണം ഇഷ്ടപ്പെടുന്നവരുണ്ട്, ചോക്ലേറ്റിന്റെ മദിപ്പിക്കുന്ന ഗന്ധം ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാൽ, ലോകത്ത് ഏറ്റവും അധികം ആളുകളുടെ ഇഷ്ടം കവർന്ന ഗന്ധമേതാണെന്നു അറിയാമോ? ലോകത്തിന്റെ പ്രിയപ്പെട്ട മണം വാനിലയാണെന്ന് അന്താരാഷ്ട്ര വിദഗ്ധരുടെ ഒരു സംഘം ഏതാനും നാളുകൾക്ക് മുൻപ് കണ്ടെത്തിയിരുന്നു.

ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിലെയും സ്റ്റോക്ക്‌ഹോമിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെയും ശാസ്ത്രജ്ഞർ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട മണം കണ്ടെത്തുന്നതിനായി ലോകമെമ്പാടുമുള്ള ഒമ്പത് വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നുള്ള 235 പേർക്ക് 10 സുഗന്ധങ്ങൾ നൽകി.

ഒമ്പത് സംസ്കാരങ്ങളിൽ നിന്നുള്ളവർക്കാണ് സുഗന്ധങ്ങൾ നൽകിയത്. അമേരിക്ക, മെക്സിക്കോ, തായ്‌ലൻഡ് എന്നിവിടങ്ങളിലെ നഗരപ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ, തെക്കേ അമേരിക്കൻ പർവതങ്ങളിൽ താമസിക്കുന്ന കർഷകർ, തെക്ക്-കിഴക്കൻ ഏഷ്യൻ മഴക്കാടുകളിലുള്ളവർ, മധ്യ അമേരിക്കയിലെ പസഫിക് തീരത്തെ മത്സ്യബന്ധന സമൂഹങ്ങൾ എന്നിങ്ങനെ ഓരോ വിഭാഗങ്ങളായാണ് ഗന്ധങ്ങൾ നൽകിയത്.

റോസാപ്പൂവ്, ലാവെൻഡർ, വിയർത്ത പാദങ്ങളുടെ മണം, ചീഞ്ഞളിഞ്ഞ മത്സ്യം, കൂൺ മുതലായവയുടെ മണമുള്ള രാസവസ്തുക്കളാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്.ഈ പഠനത്തിൽ നിന്നും ഏറ്റവുമധികം ആളുകളെ ആകർഷിച്ച ഗന്ധങ്ങൾ റാങ്ക് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്..

വാനില – വാനില ബീൻസിൽ നിന്ന് വേർതിരിച്ചെടുത്ത മണം
എഥൈൽ ബ്യൂട്ടിറേറ്റ് – പൈനാപ്പിൾ അല്ലെങ്കിൽ പീച്ച് പോലെയുള്ള പഴങ്ങളുടെ ഗന്ധം
ലിനാലൂൽ – ലാവെൻഡർ പോലെയുള്ള പുഷ്പഗന്ധം, മസാലയുടെ ഗന്ധം
യൂജെനോൾ – മസാലകൾ, ഗ്രാമ്പൂ പോലെയുള്ള മണം

read Also: ‘ചലനമറ്റ് കിടക്കുന്ന പപ്പേട്ടനെ കാണുമ്പോൾ എന്റെ ഉള്ള് പിടഞ്ഞു..’- പത്മരാജന്റെ ഓർമ്മകളിൽ റഹ്മാൻ

ഇങ്ങനെ നീളുകയാണ് പട്ടിക. ഇതിൽ നിന്നുമാണ് ലോകത്ത് എല്ലാവരും ഇഷ്ടപ്പെടുന്ന ഗന്ധം വാനിലയുടേതാണെന്നു നിഗമനത്തിൽ എത്തിയത്. ഒരു പ്രത്യേക ഗന്ധം മണക്കുമ്പോൾ തലച്ചോറിൽ സംഭവിക്കുന്ന കാര്യങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ഇനി പഠനം നടത്താനാണ് ഈ ഗവേഷകർ ഉദ്ദേശിക്കുന്നത്.

Story highlights- world’s favorite fragrance