പല്ലുകളുടെ സംരക്ഷണത്തിന് ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

April 9, 2023

പല്ല് സംബന്ധമായ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ പലരും നേരിടാറുണ്ട്. ദന്തരോഗങ്ങളെ അത്ര നിസ്സാരമാക്കരുത്. കാരണം മനുഷ്യശരീരത്തില്‍ പല്ലും പ്രധാനമാണ്. പല്ലുകളുടെ ആരോഗ്യത്തില്‍ വേണ്ടത്ര കരുതല്‍ നല്‍കാറില്ല പലരും എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെയാണ് ദന്തരോഗങ്ങള്‍ കുട്ടികള്‍ക്കിടയില്‍ പോലും വര്‍ധിച്ചുവരുന്നത്. പല്ലുകള്‍ക്ക് ഉണ്ടാകാറുള്ള ചില അസ്വസ്ഥതകളെ പ്രാരംഭത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ വലിയ രീതിയിലുള്ള കേടുപാടുകളില്‍ നിന്നും പല്ലിനെ സംരക്ഷിക്കാം.

പലരും ഇന്ന് നേരിടുന്ന ഒരു പ്രശ്നമാണ് മോണയില്‍ നിന്നുള്ള രക്തസ്രാവം. മോണയില്‍ ആഹാരപദാര്‍ത്ഥങ്ങള്‍ തങ്ങി നിന്ന് പല്ലിന് കേടു വരാന്‍ തുടങ്ങുമ്പോഴാണ് ഇത്തരത്തില്‍ മോണകള്‍ക്കിടയില്‍ നിന്നും രക്തം പൊടിയുന്നത്. എന്നാല്‍ പല്ല് കൃത്യമായി ക്ലീന്‍ ചെയ്താല്‍ ഈ പ്രശ്നത്തില്‍ നിന്നും മുക്തി നേടാം. ഈ ലക്ഷണം കണ്ടു തുടങ്ങുമ്പോള്‍തന്നെ പല്ലിനെ വേണ്ടവിധം പരിപാലിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ കേട് കൂടുകയും പല്ല് നശിച്ചുപോകാനും സാധ്യത ഉണ്ട്.

പല്ലുകളില്‍ ചെറിയ പൊത്തുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് പല്ല് കേടാകുന്നു എന്ന സൂചന നല്‍കുന്ന അടുത്ത ലക്ഷണം. ഈ ലക്ഷണം കണ്ടാല്‍ ദന്തഡോക്ടറിനെ സമീപിക്കുന്നതാണ് നല്ലത്. ചെറിയ പൊത്തുകള്‍ അടച്ചില്ലെങ്കില്‍ കേടു വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം പൊത്തുകള്‍ സേഫ്റ്റി പിന്‍, ഈര്‍ക്കില്‍ തുടങ്ങിയവ ഉപയോഗിച്ച് സ്വയം ക്ലീന്‍ ചെയ്യാന്‍ ശ്രമിക്കുന്നതും കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകും. മാത്രമല്ല പല്ലു വേദന കൂടാനും ഇത് കാരണമാകും.

Read Also; യുവത്വം ചോരാത്ത ചുവടുകളുമായി നടി രോഹിണി- വിഡിയോ

വീഴ്ചയ്ക്കിടയില്‍ പല്ലു പോകുന്നതും സര്‍വ്വസാധാരണമാണ്. ഇത്തരം സന്ദര്‍ഭങ്ങളിലും ദന്ത ഡോക്ടര്‍മാരെ സമീപിക്കുന്നതാണ് ഏറ്റവും ഉചിതം. വീഴ്ചയില്‍ കൊഴിഞ്ഞു പോകുന്ന പല്ല് ചില പ്രത്യേ സന്ദര്‍ഭങ്ങളില്‍ വായ്ക്കുള്ളിലെ ഉമിനീരില്‍ തന്നെ സൂക്ഷിച്ചാലും പുനസ്ഥാപിക്കാന്‍ കഴിയും. അതുപോലെ വീഴ്ചയില്‍ കൊഴിഞ്ഞു പോകുന്ന പല്ല് രണ്ട് മണിക്കൂറോളം പാലില്‍ സൂക്ഷിച്ചാലും അത് പുനസ്ഥാപിക്കാന്‍ കഴിയും. അതുകൊണ്ടു തന്നെ വീഴ്ചയില്‍ പല്ല് നഷ്ടപ്പെടുന്‌പോള്‍ ഉടന്‍തന്നെ ദന്ത ഡോക്ടറിനെ സമീപിക്കുന്നതാണ് ഉചിതം. പല്ലുകളും വായും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതാണ് ആരോഗ്യകരം.

Story highlights- Dental care healthy tips