ലഹരി പൂക്കുന്ന മലാന; ഹിമാലയൻ മലമടക്കുകളിലെ ദുരൂഹ ഗ്രാമം..

April 3, 2023
malana village

നിഗൂഢതകൾ നിറഞ്ഞു നിൽക്കുന്ന എന്നാൽ പ്രകൃതി സൗന്ദര്യം കൊണ്ട് സമ്പന്നമായ ഒട്ടേറെ സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. അത്തരത്തിൽ കാഴ്ചയ്ക്ക് കുളിരേകുന്ന, എത്തിപ്പെടാൻ കുറച്ചു പ്രയാസമുള്ള ഹിമാലയൻ മലമടക്കുകളിലെ ഒരു കൊച്ചു ഗ്രാമമാണ് മലാന. മലാന ഭംഗികൊണ്ട് മാത്രമല്ല പ്രസിദ്ധമാകുന്നത്, മറിച്ചവിടെ പൂക്കുന്ന ലഹരി കൊണ്ട് കൂടിയാണ്. ടൂറിസം മലാനയിലെ പ്രധാന വരുമാനമാർഗങ്ങളിൽ ഒന്നാണ്.

പരമ്പരാഗത രീതിയിൽ തടിയും കല്ലും ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളും ഇടുങ്ങിയ നാട്ടുവഴികളും മലാനയെ വ്യത്യസ്തമാക്കുന്നു. റോഡരികിലും കാടുകളിലും വളർന്നു നിൽക്കുന്ന കഞ്ചാവ് ചെടികൾ മറ്റൊരു പ്രത്യേകതയാണ്. ദൂരെക്കാഴ്ചയിലും അടുത്തറിയുമ്പോളും മലാന എന്ന ഗ്രാമം ദുരൂഹതയുടെ കേദാരമാണ്. ഒട്ടേറെ യാത്രക്കാർ എത്തുന്ന ഇടം ആണെങ്കിലും ഗ്രാമവാസികൾ സംസാരിക്കുവാനോ അടുത്തിടപഴകുവാനോ തയ്യാറാവില്ല. പുറത്തുനിന്നുള്ളവരിൽ നിന്ന് ഒന്നും തന്നെ അവർ നേരിട്ട് സ്വീകരിക്കില്ല ,തിരിച്ചു കൊടുക്കുന്നതും അങ്ങനെ തന്നെയാണ്.

സഞ്ചാരയോഗ്യമായ ഇടം എന്നതിലുപരി ലോകം മലാനയെ അറിയുന്നത് മലാന ഗോൾഡ് അഥവാ മലാന ക്രീം എന്ന കഞ്ചാവ് ഉൽപ്പന്നത്തിലൂടെയാണ് . നിറം കൊണ്ടും വിലകൊണ്ടും സ്വർണത്തോട് സാമ്യമുള്ളതുകൊണ്ടാവാം ഇവ മലാന ഗോൾഡ് എന്നും അറിയപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യത്തിന് പേരുകേട്ട മലാന ഗ്രാമത്തിലെ നിവാസികൾ, അവരുടെ ദേവതയായ ജംലു ദേവതയുടെ കൽപ്പന പ്രകാരം തങ്ങളുടെ ഗ്രാമത്തെ റോഡ് സൗകര്യവുമായി ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കിയതൊക്കെ വളരെയധികം ചർച്ചയായി മാറിയിരുന്നു.
മലാന ഗ്രാമത്തെ റോഡ് മാർഗം ബന്ധിപ്പിച്ചിട്ടില്ല.

Read Also: മാസ്‌ക് നിർബന്ധം; കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

മലാന ഹൈഡൽ പ്രോജക്ട് വഴി ഒരു റോഡ് നിർമ്മിച്ചെങ്കിലും ഇത് ഗ്രാമത്തെ ബന്ധിപ്പിക്കുന്നതല്ല. സമീപകാലത്തായി ഗ്രാമത്തിൽ വലിയ തീപിടിത്ത സംഭവങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, റോഡില്ലാത്തതിനാൽ ഗ്രാമത്തിലേക്ക് ഫയർ എഞ്ചിനുകൾക്ക് എത്താൻ കഴിയാത്തതിനാൽ ആളുകൾക്ക് വലിയ നാശനഷ്ടമുണ്ടായി. എങ്കിലും വിശ്വാസങ്ങളെ മുറുകെ പിടിക്കുകയാണ് ഇവർ.

Story highlights- malana the secret village of india