ഐഡിയ കൊള്ളാം, 400 രൂപയുടെ സ്റ്റാർബക്സ് കോഫി 190 രൂപയ്ക്ക്; വഴിപറഞ്ഞുതന്ന് യുവാവ്

June 13, 2023

സ്റ്റാർബക്‌സിൽ നിന്ന് ഒരു കപ്പ് കോഫീ പലരുടെയും ബക്കറ്റ് ലിസ്റ്റിലുള്ള കാര്യമാണ്. എന്നാൽ ഇവിടുത്തെ ഭക്ഷണങ്ങളും പാനീയങ്ങളും പലർക്കും താങ്ങാനാവുന്ന വിലയിലല്ല. അതുകൊണ്ടാണ് സ്റ്റാർബക്സിൽ പോയി കാപ്പി കുടിക്കുന്നത് ഒരു ‘സ്റ്റൈൽ സ്റ്റേറ്റ്മെന്റ്’ അയി മിക്കവരും കാണുന്നത്. എന്നാൽ ഇവിടെ ഒരു വിരുതൻ സ്റ്റാർബക്സിൽ നിന്നും കാപ്പി കുടിക്കാൻ കാണിച്ച സൂത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായത്. 400 രൂപയുടെ കാപ്പി 190 രൂപയ്ക്ക്, അവിടെത്തന്നെയിരുന്നു കുടിച്ച സന്ദീപ് മാൽ എന്നയാളുടെ കഥ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ സൂപ്പർ ഹിറ്റാണ്.

400 രൂപയുടെ കാപ്പി എങ്ങനെ 190 രൂപയ്ക്കു സ്റ്റാർബക്സിലിരുന്നു കുടിക്കാമെന്ന് ലളിതമായി പറഞ്ഞുതരികയാണ് സന്ദീപ്. എന്താണെന്നല്ലേ? സൊമാറ്റോയിൽ ഡീൽ ഉള്ള ദിവസം നോക്കി ഓർഡർ ചെയ്യുക. അങ്ങനെയെങ്കിൽ കുറഞ്ഞ പൈസയിൽ കാപ്പി കുടിക്കാം. ഇനി അഡ്രസ്സ് നൽകുമ്പോൾ ഏതു സ്റ്റാർബക്‌സിലാണോ ഇരിക്കുന്നത് അവിടുത്തെ മേൽവിലാസം നൽകണം. ഡെലിവറി ബോയ് കാപ്പിയെത്തിച്ചു തരും.

Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

സ്റ്റാർബക്സിലിരുന്നു കാപ്പി കുടിക്കണമെന്ന ആഗ്രഹം 190 രൂപയ്ക്ക് സഫലീകരിക്കാം എന്നാണ് സന്ദീപ് പറയുന്നത്. സന്ദീപ് മാൽ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ” സ്റ്റാർബക്സിൽ ചെന്നപ്പോൾ ഒരു കാപ്പിയുടെ വില 400 രൂപ. അതേ കാപ്പിയ്ക്കു സൊമാറ്റോയിലെ ഓഫർ വഴി 190 രൂപ. സൊമാറ്റോയിൽ ഓർഡർ ചെയ്ത് സ്റ്റാർബക്‌സിന്റെ അഡ്രസ് നൽകി. ഡെലിവറി ബോയ് അവിടെ നിന്നും വാങ്ങി ഞാനിരുന്ന മേശപ്പുറത്തു കൊണ്ടുവന്നു വച്ചു”. സന്ദീപ് ട്വീറ്റ് ചെയ്തു.

സന്ദീപിന്റെ ട്വീറ്റിന് താഴെ ആളുകൾ നിരവധി കമന്റുകളാണ് നൽകിയിരിക്കുന്നത്. കിടിലൻ ഐഡിയ എന്നാണ് ട്വീറ്റിന് താഴെ മിക്കവരും പങ്കുവെച്ചത്. ”ഞാനും ഇത് പരീക്ഷിക്കും” എന്നും കമന്റ് നല്കിയവരുണ്ട്. എന്താണെങ്കിലും സൈബർ ലോകത്തു രസകരമായ ചർച്ചയ്‌ക്കാണ്‌ വഴിയൊരുക്കിയിരിക്കുകയാണ് ഈ പോസ്റ്റ്.

Story highlights – Here’s how a man got a Rs 400 Starbucks coffee for Rs 190