93 മണിക്കൂർ, നാല് ദിവസം നീണ്ടു നിന്ന പാചകം; ലോക റെക്കോർഡ് സ്വന്തമാക്കി യുവതി

June 14, 2023

എണ്ണിയാൽ തീരാത്തയത്ര ലോകറെക്കോർഡുകൾ ഉണ്ട്. പല വിഷയങ്ങളിൽ, പല മേഖലകളിൽ ഇത് നേടിയവരുണ്ട്. ഒരുപക്ഷേ കേട്ടാൽ അമ്പരപ്പ് തോന്നുന്ന വിചിത്ര പ്രവർത്തികൾ വരെ ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കിയവരുണ്ട്. ചിലത് നമുക്ക് ഏറെ പ്രതീക്ഷയും പ്രചോദനവും നൽകുന്നതാണ്. ഇന്ന് പാചകത്തിൽ ലോക റെക്കോർഡ് നേടിയ യുവതിയെയാണ് പരിചയപ്പെടുത്തുന്നത്. 93 മണിക്കൂർ തുടർച്ചയായി പാചകം ചെയ്താണ് ഹിൽഡ എഫിയങ് ബാസേ എന്ന 26കാരി ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. നൈജീരിയൻ സ്വദേശിയാണ് ഹിൽഡ എഫിയങ് ബാസേ.

നാല് ദിവസം നീണ്ടു നിന്ന പാചകത്തിലൂടെ ഏറ്റവും നീളം കൂടിയ കുക്കിങ് മാരത്തൺ ആണ് യുവതി ലോകത്തിന് മുന്നിൽ വെച്ചത്. 93 മണിക്കൂർ കൊണ്ട് നൂറിലധികം പാത്രങ്ങളാണ് ഭക്ഷണങ്ങൾകൊണ്ട് നിറഞ്ഞത്. 2019ൽ ഇന്ത്യക്കാരിയായ ലത ദണ്ടൻ സെറ്റ് ചെയ്ത സ്വന്തമാക്കിയ റെക്കോർഡ് ആണ് ഹിൽഡ തകർത്തത്. 87 മണിക്കൂർ, 45 മിനിറ്റ് ആയിരുന്നു ലതയുടെ റെക്കോർഡ്.

Read also: മൊട്ടയടിച്ച് കുടുംബം പുലർത്തുന്ന യുവതികൾ; മുടിയും സൗന്ദര്യവും പരിപാലിച്ച് പുരുഷന്മാർ- വേറിട്ടൊരു നാട്

93 മണിക്കൂർ കൊണ്ട് ഹിൽഡ റെക്കോർഡ് സ്വന്തമാക്കിയെങ്കിലും നൂറ് മണിക്കൂർ ലക്‌ഷ്യം വെച്ചാണ് യുവതി പാചകം ചെയ്‍തത്. പക്ഷെ മരത്തണിന് ഇടയിൽ ഹിൽഡയുടെ കണക്കുകൂട്ടലുകൾ ചെറുതായി പിഴച്ചു. അതോടെ 7 മണിക്കൂർ ആണ് ഹിൽഡയ്ക്ക് നഷ്ടമായത്. കുക്കിങ് മാരത്തണിനിടയിൽ 5 മിനിറ്റുള്ള ഇടവേളകളാണ് അനുവദിച്ചിരിക്കുന്നത്. ഈ ഇടവേളകൾ കൂട്ടിവെച്ച് ഒരുമിച്ച് ഉപയോഗിക്കാം. ഉറങ്ങണമെങ്കിലോ ബാത്റൂം ഉപയോഗിക്കണമെങ്കിലോ ഈ സമയം ഉപയോഗിക്കാം. അങ്ങനെ കൂട്ടിവെച്ച സമയമാണ് ഹിൽഡ ഉപയോഗിച്ചത്. പക്ഷേ ബ്രേക്ക് എടുത്ത മിനിറ്റുകളിൽ ചില തെറ്റുപറ്റി.

ആഫ്രിക്കൻ യുവതികളുടെ സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകാനും നൈജീരിയൻ രുചികൾ ലോകത്തിനു തുറന്നു കാട്ടാനുമാണ് ഇങ്ങനെയൊരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്നും ഹിൽഡ പറഞ്ഞു. ഗിന്നസ് വേൾഡ് റെക്കോർഡിന്റെ യൂട്യൂബ് പേജിൽ കുക്കിങ് മാരത്തണിന്റെ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ഹിൽഡയ്ക്ക് അഭിനന്ദനം അറിയിച്ച് നിരവധി പേർ രംഗത്തെത്തി.

Story highlights- Longest Cooking Marathon Record by Nigerian Chef Hilda Effiong