നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ

August 22, 2023

മൊബൈൽ ഫോണും ലാപ്‌ ടോപ്പുമൊന്നുമില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത തലമുറയാണ് ഇന്നത്തേത്. രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഉറങ്ങുന്നതുവരെ നമ്മുടെ കൈകളിൽ എപ്പോഴും മൊബൈൽ ഉണ്ടാകും. ആഗ്രഹിക്കുന്നതൊക്കെ വിരൽത്തുമ്പിൽ അനായാസം എത്തിക്കാൻ സാധിക്കുന്നുവെന്നതാണ് മൊബൈൽ ഫോണിനെ ഇത്രമേൽ സ്വീകാര്യമാക്കുന്നതും. എന്നാൽ, മൊബൈൽ നഷ്ടമായാൽ എന്തുചെയ്യണം എന്നത് പലർക്കും അറിയില്ല. പോലീസ് സഹായത്തോടെ നഷ്ടപ്പെട്ട ഫോൺ വീണ്ടെടുക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് പങ്കുവയ്ക്കുകയാണ് കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ.

നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്?

നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ എത്രയും വേഗം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയാണ് വേണ്ടത്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ നേരിട്ടോ നിങ്ങൾക്ക് പരാതി നൽകാം.

പരാതിയിൽ ഫോണിന്റെ IMEI നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. തുടർന്ന്, സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. നിങ്ങളുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇത് ഉപകരിക്കും.

സ്വകാര്യത ആവശ്യപ്പെടുന്ന വിവരങ്ങൾ നഷ്ടമായ ഫോണിൽ ഉണ്ടെങ്കിൽ അവ നിങ്ങൾക്കുതന്നെ ഡിലീറ്റ് ചെയ്യാൻ കഴിയും. https://www.google.com/android/find/ എന്ന ഗൂഗിൾ ലിങ്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. നഷ്ടമായ ഫോണിൽ സൈൻ ഇൻ ചെയ്യാൻ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ പേജിൽ ലോഗിൻ ചെയ്യുക.

ഫോൺ റിങ്ങ് ചെയ്യിക്കാനും ലോക്ക് ചെയ്യുവാനുമുള്ള മാർഗ്ഗങ്ങൾ ഈ പേജിൽ കാണാൻ കഴിയും. കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷൻ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ പൂർണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്. നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ച ഗൂഗിൾ അക്കൗണ്ട് സൈൻ ഇൻ ചെയ്തിരുന്നാൽ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ.

Read Also: അടുത്തടുത്തായി പലനിറങ്ങളിലുള്ള മൂന്നു തടാകങ്ങൾ; ആത്മാക്കളുടെ വിശ്രമകേന്ദ്രം- ദുരൂഹതയുടെ കെലിമുട്ടു പർവ്വതം

ബാങ്ക് അക്കൗണ്ട്, പാസ്‌വേഡ് എന്നിവ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ഫോണിൽ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഞങ്ങൾ നിങ്ങളെ ഓർമിപ്പിക്കുന്നു.
നഷ്ടപ്പെട്ട ഫോൺ CEIR വെബ്സൈറ്റ് വഴി ബ്ലോക്ക് ചെയ്യുന്നതെങ്ങനെയെന്ന് അടുത്ത പോസ്റ്റിൽ വിശദീകരിക്കുന്നതാണ്.

Story highlights- mobile phone recovery