ഈ ചിത്രങ്ങൾ തമ്മിൽ 15 വർഷത്തെ വ്യത്യാസം; മക്കളുടെ ചോറൂണ് ചിത്രങ്ങളുമായി ഗിന്നസ് പക്രു
മലയാളികളുടെ മനസ്സിൽ കൗതുകവും സ്നേഹവും ഒരുപോലെ നിറച്ച അഭിനേതാവാണ് ഗിന്നസ് പക്രു. ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ പ്രിയതാരം മറ്റു ഭാഷകളിലും സുപരിചിതനാണ്. ഏപ്രിൽ മാസമാണ് പക്രുവിന് രണ്ടാമത്തെ മകൾ പിറന്നത്. മകൾ പിറന്ന സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, രണ്ടുമക്കളുടെയും ചോറൂണ് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ.
ആദ്യത്തെ മകൾ ദീപ്ത കീർത്തിയുടെ ചോറൂണ് ചിത്രം 2008ൽ പകർത്തിയതാണ്. ഇളയ മകളുടെ ചിത്രം ഇപ്പോൾ പകർത്തിയതും. ഇരുചിത്രങ്ങളും തമ്മിൽ 15 വർഷത്തെ വ്യത്യാസമുണ്ട്. നൂലുകെട്ട് ചടങ്ങിന്റെ വിഡിയോയും പക്രു മുൻപ് പങ്കുവെച്ചിരുന്നു.
എറണാകുളം അമൃതാ ഹോസ്പിറ്റലിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നൽകിയത്. അതേസമയം, നിരവധി സിനിമാതാരങ്ങളും ആരാധകരും ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. 2006 ലാണ് ഗിന്നസ് പക്രു, ഗായത്രിയെ വിവാഹം ചെയ്തത്.തന്റെ വിശേഷങ്ങളും സിനിമാ ഓർമ്മകളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ഗിന്നസ് പക്രു പങ്കുവയ്ക്കാറുണ്ട്. ഗിന്നസ് പക്രുവിന്റെ വിവാഹവും കുഞ്ഞിന്റെ ജനനവുമെല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. മൂത്ത മകൾ ദീപ്ത കീർത്തി അച്ഛന്റെ വിശേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ്.
Read also: പ്രതിരോധത്തിന്റെ രണ്ടുതുള്ളി മറക്കരുതേ; ഇന്ന് ലോക പോളിയോ ദിനം
മിമിക്രി വേദിയിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ പക്രു ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന പേരിൽ ഗിന്നസ് റെക്കോർഡിലും കയറി. 1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി പക്രു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ നടൻ എന്നതിലുപരി സംവിധായകൻ,നിർമാതാവ് തുടങ്ങിയ നിലയിലെല്ലാം ശ്രദ്ധേയനാകുകയാണ് പക്രു.
Story highlights- guinness pakru shares his daughter’s photos