എന്തൊക്കെ ചെയ്തിട്ടും ചർമം തിളങ്ങുന്നില്ലേ? തെറ്റ് പറ്റുന്നതെവിടെ!
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് നമ്മുടെ ചർമം. പ്രായഭേദമെന്യേ അത് സംരക്ഷിക്കുക എന്നത് പരമപ്രധാനവും. പുറമേ പുരട്ടുന്ന ഉത്പന്നങ്ങൾ മാത്രമല്ല സമീകൃത ഭക്ഷണക്രമവും കൃത്യമായി വെള്ളം കുടിക്കുന്നതും ചർമത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. എന്നാൽ എത്രയൊക്കെ പരിശ്രമിച്ചിട്ടും ചർമം ആരോഗ്യമില്ലാത്തതായി കാണപെടുന്നുണ്ടെങ്കിൽ നമ്മൾ എന്തോ ഒന്ന് മറക്കുന്നുണ്ടെന്നർത്ഥം. (The Importance of wearing sunscreen everyday)
മഴയാകട്ടെ വെയിലാകട്ടെ, വീടിനുള്ളിലോ പുറത്തോ ആകട്ടെ, സൺസ്ക്രീനുമായി ചങ്ങാത്തം കൂടാം. സൺസ്ക്രീൻ ചില്ലറക്കാരനല്ല. പ്രായഭേദമെന്യേ കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ ദിവസവും നിർബന്ധമായും സൺസ്ക്രീൻ പുരട്ടിയിരിക്കണം. ദീർഘകാലത്തേക്ക് ചർമത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ ഏറ്റവും പ്രധാന പങ്കു വഹിക്കുന്ന ഉൽപ്പന്നമാണ് സൺസ്ക്രീൻ.
എന്തുകൊണ്ട് സൺസ്ക്രീൻ?
- അൾട്രാവയലെറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നു: നമ്മുടെ ദൈനംദിന വൈറ്റമിൻ ഡി യുടെ സ്രോതസ്സ് സൂര്യനാണെങ്കിലും, അമിതമായി സൂര്യപ്രകാശമേറ്റാൽ ചർമം അപകടത്തിലാകും. ഇത് സൂര്യതാപത്തിനും മറ്റു കേടുപാടുകൾക്കും വഴിയൊരുക്കും.
- അകാല വാർദ്ധക്യം തടയുന്നു: ചെറുപ്പം നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ സൺസ്ക്രീൻ മുടക്കരുത്. സ്ഥിരമായ ഉപയോഗത്തിലൂടെ ചുളിവുകൾ, പാടുകൾ, ഹൈപ്പർപിഗ്മെന്റഷൻ എന്നിവ തടയാനാകും.
- സൂര്യാഘാതത്തിൽ നിന്നും സംരക്ഷിക്കുന്നു: സൂര്യാഘാതം ചർമത്തെ നേർത്തതാക്കും. ഇത് മൂലം തൊലി പൊളിഞ്ഞിളകാനും, ചൊറിച്ചൽ, ചുവപ്പ്, വീക്കം എന്നിവ അനുഭവപ്പെടാനും ഇടയാകും. ഇവ തടയാൻ സൺസ്ക്രീൻ തന്നെ വഴി.
- ചർമത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു: മനുഷ്യചർമത്തിന് ഏറെ ആവശ്യമായ പ്രോട്ടീനുകളാണ് കൊളാജൻ,കെരാറ്റിൻ, എലാസ്ടിൻ എന്നിവ. ചർമം മൃദുവായി ആരോഗ്യത്തോടെ പരിരക്ഷിക്കാൻ ഇവ പ്രധാനമാണ്. സൺസ്ക്രീൻ പുരട്ടുന്നതിലൂടെ ഇവ സംരക്ഷിക്കപ്പെടുന്നു.
- കരുവാളിപ്പ് തടയുന്നു: ദിവസേന വെയിലടിച്ചുള്ള കരുവാളിപ്പ് തടയാൻ സ്ഥിരമായി സൺസ്ക്രീൻ ശീലമാക്കാം. എസ്.പി.എഫ് (Sun Protection Factor) കുറഞ്ഞത് 30 എങ്കിലുമുള്ളവ തിരഞ്ഞെടുക്കാം. ഓരോ രണ്ടു മൂന്നു മണിക്കൂർ ഇടവേളകളിൽ വീണ്ടും പുരട്ടാം.
ശരീരം മുഴുവൻ മറയുന്ന വസ്ത്രം ധരിച്ചാൽ പോലും സൂര്യനിൽ നിന്ന് രക്ഷപെടാൻ സാധിക്കില്ല. എന്നാൽ പതിവായി സൺസ്ക്രീൻ പുരട്ടുന്നതിലൂടെ വലിയ തോതിലുള്ള സംരക്ഷണം ലഭിക്കും. ചുരുക്കി പറഞ്ഞാൽ, എല്ലാ ദിവസവും ഉറക്കമെന്നപോലെ 365 ദിവസവും സൺസ്ക്രീൻ പതിവാക്കാം.
Story highlights- The Importance of wearing sunscreen everyday