എന്നെന്നും കാവലുണ്ട്; വയോധികന് രക്ഷയായായത് കേരളാ പോലീസ്!
നമ്മുടെ നാടിന്റെ സംരക്ഷണത്തിനും നീതിനിർമ്മാണത്തിനും വേണ്ടി അഹോരാത്രം പ്രയത്‌നിക്കുന്നവരാണ് നമ്മുടെ പോലീസുകാർ. പലപ്പോഴും നാട്ടുകാരുടെ പ്രിയ മിത്രങ്ങളായി അവർ മാറിയ കഥകളും നമ്മൾ കേട്ടിട്ടുണ്ട്. ഇത്തരം വാർത്തകൾ ലോകത്തു നിന്ന് ഇന്നും നന്മ അപ്രത്യക്ഷമായിട്ടില്ല എന്ന ശുഭപ്രതീക്ഷയും നമുക്ക് തരുന്നു. അങ്ങനെ ഏറെ സന്തോഷവും അഭിമാനവും ഉളവാക്കുന്ന സംഭവമാണ് കൊല്ലം പള്ളിത്തോട്ടത്ത് നടന്നത്. (Kerala cops save old man’s life)
മരണം മുന്നിൽ കണ്ട സുരക്ഷാ ഉദ്യോഗസ്ഥന് തണലായത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥർ. ഹൃദയാഘാതമുണ്ടായി അബോധാവസ്ഥയിൽ നിലത്തുകിടന്ന മയ്യനാട് സ്വദേശിയെയാണ് പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. രാജേഷ്‌കുമാറും സി.പി.ഒ. ദീപക്കും ചേർന്ന് രക്ഷപ്പെടുത്തിയത്. കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
“മരണത്തോടുമല്ലിട്ട് ജീവൻ നിലനിർത്താനുള്ള അവസാനശ്വാസത്തിനുവേണ്ടി പിടഞ്ഞ വയോധികനായ സുരക്ഷാ ജീവനക്കാരനു കരുതലായത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥർ. ഹൃദയാഘാതമുണ്ടായി അബോധാവസ്ഥയിൽ നിലത്തുകിടന്ന മയ്യനാട് സ്വദേശിയെയാണ് കൊല്ലം സിറ്റി പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലെ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. രാജേഷ്‌കുമാറും സി.പി.ഒ. ദീപക്കും ചേർന്ന് ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തിയത്.
ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെ പള്ളിത്തോട്ടം സ്റ്റേഷൻ പരിധിയിലെ കൊല്ലം ഡി-ഫോർട്ട് ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള കടൽ ഫിനാൻസ് എന്ന സ്ഥാപനത്തിനു മുന്നിലെ ബീറ്റ് ബുക്കിൽ ഒപ്പിടാനെത്തിയതാണ് പോലീസ് ഉദ്യോഗസ്ഥർ. സുരക്ഷാ ജീവനക്കാരനെ കാണാഞ്ഞതിനാൽ അവർ പരിസരത്തു നടത്തിയ പരിശോധനയിലാണ് തറയിൽ മഴയത്തു കമിഴ്‌ന്നു കിടക്കുന്നനിലയിൽ അദ്ദേഹത്തെ കണ്ടത്.
ഉടൻതന്നെ കൊല്ലം കൺട്രോൾ റൂമിൽ അറിയിച്ച് ആംബുലൻസ് വിളിച്ചുവരുത്തി ജില്ലാ ആശുപത്രിയിലെത്തിച്ചു. പ്രാഥമികമായി നൽകേണ്ട അടിയന്തര, ചികിത്സകൾക്കുശേഷം വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണംചെയ്ത അദ്ദേഹം ഇപ്പോൾ അവിടെ ചികിത്സയിലാണ്.”
Story highlights: Kerala cops save old man’s life