ഇന്ദ്രന്‍സിന്റെ പത്താം ക്ലാസ് സ്വപ്നം വൈകുമോ.. ആദ്യം ഏഴ് പാസാകണമെന്ന് സാക്ഷരത മിഷന്‍

December 5, 2023

പാതിവഴിയില്‍ മുടങ്ങിപ്പോയ പഠനം പൂര്‍ത്തിയാക്കാനൊരുങ്ങിയ നടന്‍ ഇന്ദ്രന്‍സിന്റെ പത്താം ക്ലാസ് തുല്യതാപഠനത്തിന് തടസം. ഏഴാം ക്ലാസ് പാസായാല്‍ മാത്രമെ പത്താം ക്ലാസ് പരീക്ഷ എഴുതാനാകുവെന്ന സാക്ഷരത മിഷന്റെ നിബന്ധന കുരുക്കായത്. അതുകൊണ്ടുതന്നെ പത്താം ക്ലാസ് പഠനമെന്ന സ്വപനം സാക്ഷാത്കരിക്കാന്‍ ഇന്ദ്രന്‍സിന് ആദ്യം ഏഴാം ക്ലാസിലെ പരീക്ഷ പാസാകണം. ( Actor Indrans education issue state Saksharatha Mission )

ദിവസങ്ങള്‍ക്ക് മുമ്പ് നവകേരളസദസ്സിന്റെ ചടങ്ങില്‍ പങ്കെടുത്തപ്പോഴാണ് ഇന്ദ്രന്‍സ് തുടര്‍പഠനത്തിന് ആഗ്രഹം പ്രകടിപ്പിച്ചത്. തുടര്‍ന്നാണ് കേരള സംസ്ഥാനത്തിന്റെ അക്ഷരശ്രീ പദ്ധതി പ്രകാരം പത്താം ക്ലാസ് പൂര്‍ത്തിയാക്കാനുള്ള അപേക്ഷ നല്‍കിയത്. നാലാം ക്ലാസ് വരെ പഠിച്ചുട്ടുള്ളുവെന്നാണ് ഇന്ദ്രന്‍സ് പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന്റെ സഹപാഠികളുടെ സാക്ഷ്യപ്പെടുത്തലിനെ തുടര്‍ന്നാണ് ഏഴ് വരെ പഠിച്ചുവെന്ന നിഗമനത്തിലെത്തിയത്. എന്നാല്‍ ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയതിന്റെ രേഖകള്‍ ഇല്ലാത്തതാണ് പഠനത്തിന് തടസമായിട്ടുള്ളത്.

ക്ലാസില്‍ ഇരിക്കാതെ പ്രേരകിന്റെ സഹായത്തോടെ ഇന്ദ്രന്‍സിന് പഠിക്കാനാകുമെന്നാണ് സാക്ഷരത മിഷന്‍ അധികൃതര്‍ പറയുന്നത്. ഏഴ് മാസം വരെ നീളുന്നതാണ് പഠനമെങ്കിലും ഇന്ദ്രന്‍സിന് ഇളവുനല്‍കുമെന്നാണ് വിവരം. യു.പി ക്ലാസുകളില്‍ പഠിച്ചതിന്റെ കൂടുതല്‍ രേഖകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന അധികൃതര്‍, ഇതിന്റെ അടിസ്ഥാനത്തില്‍ ‘അക്ഷരശ്രീ’ പദ്ധതി പ്രകാരം ഇന്ദ്രന്‍സിനെ പത്താം ക്ലാസില്‍ പഠിപ്പാക്കാനാകുമോയെന്നും പരിശോധിക്കുന്നുണ്ട്.

Read Also : ഇനി പഠിക്കാം ചില പാഠങ്ങൾ; മുടങ്ങിയപ്പോയ പഠനം പൂർത്തീകരിക്കാനൊരുങ്ങി നടൻ ഇന്ദ്രൻസ്!

നാലാം ക്ലാസുവരെ പഠിച്ചതായാണ് എന്റെ ഓര്‍മ. ഇപ്പോഴത്തെ പ്രശ്‌നമൊന്നും എനിക്കറിയില്ലെന്നാണ് ഇന്ദ്രന്‍സ് പ്രതികരിച്ചത്. ഭാഷ വിഷയങ്ങളായ ഹിന്ദിയും ഇംഗ്ലീഷും വെല്ലുവിളിയാകുമോ എന്ന ആശങ്കയിലാണ് നടന്‍. ഷൂട്ടിങ് തിരക്കുള്ളതിനാല്‍ എല്ലാ ഞായറാഴ്ചകളിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹൈസ്‌കൂളില്‍ നടക്കുന്ന ക്ലാസുകളില്‍ പങ്കെടുക്കാനും കഴിയില്ല. ഇതിനെ പോംവഴി കണ്ടെത്തി 67-കാരനായ ഇന്ദ്രന്‍സിനെ പത്താം ക്ലാസ് ജയിപ്പിക്കുമെന്ന വാശിയിലാണ് സംസ്ഥാന സാക്ഷരതാമിഷന്‍.

Story highlights : Actor Indrans education issue state Saksharatha Mission