അടിമുടി മാറി എയർ ഇന്ത്യ; മനീഷ് മൽഹോത്ര രൂപം നൽകിയ പുത്തൻ ലുക്കിൽ ജീവനക്കാർ!

December 13, 2023

ഇന്ത്യയിലെ ഏറ്റവും പഴയ എയർലൈൻ കമ്പനിയായ എയർ ഇന്ത്യ തങ്ങളുടെ പൈലറ്റുമാർക്കും ക്രൂ അംഗങ്ങൾക്കുമായി പുതിയ യൂണിഫോം പുറത്തിറക്കി. ഇന്നലെയാണ് സോഷ്യൽ മീഡിയയിലൂടെ പുതിയ ലുക്ക് പങ്കുവെച്ചത്. പ്രശസ്ത ഇന്ത്യൻ ഡിസൈനർ മനീഷ് മൽഹോത്രയാണ് യൂണിഫോം രൂപകൽപന ചെയ്തത്. (Air India introduces new uniform for Pilots and Cabin crew)

1932 ലാണ് എയർ ഇന്ത്യ എന്ന കമ്പനി സ്ഥാപിതമായത്. ആറ് പതിറ്റാണ്ടിനിടെ വിമാനക്കമ്പനി തങ്ങളുടെ ജീവനക്കാരുടെ യൂണിഫോം മാറ്റുന്നത് ഇതാദ്യമായതിനാൽ ഈ മാറ്റം ചരിത്ര പ്രാധ്യാന്യമുള്ളത് കൂടിയാണ്. മുൻപ് എയർ ഇന്ത്യ സർക്കാർ ഉടമസ്ഥതയിലായിരുന്നു. ഇപ്പോൾ എയർ ഇന്ത്യയും വിസ്താരയും സംയോജിച്ച് ടാറ്റ ഗ്രൂപ്പിന് കീഴിലാണ്.

X-ലെ പോസ്റ്റിൽ മനീഷ് മൽഹോത്ര യൂണിഫോം തയ്യാറാക്കിയ തന്റെ യാത്ര പങ്കുവെച്ച് കൊണ്ട് ക്രൂ അംഗങ്ങൾ ഏറ്റവും പുതിയ യൂണിഫോം ധരിച്ചെത്തുന്ന ഒരു വീഡിയോയും അവതരിപ്പിക്കുന്നു.

പോസ്റ്റിനൊപ്പം എയർലൈൻ എക്‌സിൽ കുറിച്ചതിങ്ങനെ: “എയർ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിന്റെ അടയാളവും ശോഭനമായ ഭാവിയുടെ വാഗ്ദാനവുമായ ഞങ്ങളുടെ പുതിയ പൈലറ്റ് & ക്യാബിൻ ക്രൂ യൂണിഫോമുകൾ ഇവിടെ അവതരിപ്പിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ഡിസൈനർ മനീഷ് മൽഹോത്ര വിഭാവനം ചെയ്ത ഈ യൂണിഫോമുകളിൽ മൂന്ന് മികച്ച ഇന്ത്യൻ നിറങ്ങളുണ്ട് – ചുവപ്പ്, വഴുതനയുടെ നിറം, സ്വർണ്ണം. ആത്മവിശ്വാസമുള്ള, ഊർജ്ജസ്വലമായ പുതിയ ഇന്ത്യ,”

Read also: ‘അല്ലേലും മലയാളി പൊളിയല്ലേ’; തനി നാടന്‍ ലുക്കില്‍ ലണ്ടന്‍ തെരുവിലൊരു ഫോട്ടോഷൂട്ട്, വൈറലായി ചിത്രങ്ങള്‍

നിലവിൽ എയർ ഇന്ത്യ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായ പുതിയ ആഗോള ബ്രാൻഡ് ഐഡന്റിറ്റിയുടെ ഒരു തുടർച്ചയാണ് പുതിയ യൂണിഫോം എന്ന് എയർലൈൻ പ്രസ്താവനയിൽ പറയുന്നു.

2023 അവസാനത്തോടെ എല്ലാ ജീവനക്കാർക്കുമായി പുതിയ യൂണിഫോം പുറത്തിറക്കുമെന്നാണ് പ്രതീക്ഷയെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ പറയുന്നു.

എയർ ഇന്ത്യയുടെ യൂണിഫോം രൂപകൽപന ചെയ്യാനുള്ള അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഡിസൈനർ മനീഷ് മൽഹോത്ര പറഞ്ഞു.

ദേശീയ പതാകയേന്തുന്നയാൾക്ക് സംഭാവന നൽകാനും ഇന്ത്യൻ ഫാഷന്റെ ചാരുത പ്രകടിപ്പിക്കാനും കഴിഞ്ഞത് ഒരു പദവിയാണെന്നും ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സത്ത ഉൾക്കൊള്ളുന്ന യൂണിഫോമുകൾ സൃഷ്ടിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Story highlights: Air India introduces new uniform for Pilots and Cabin crew