ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വേഗം വാങ്ങാം, സബ്‌സിഡി ഒഴിവാക്കാനൊരുങ്ങി കേന്ദ്രം

December 19, 2023

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് നല്‍കിവരുന്ന സബ്‌സിഡി നിര്‍ത്താനൊരുങ്ങി കേന്ദ്രം. ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനത്തിലും വില്‍പനയിലും മികച്ച വളര്‍ച്ചയുണ്ടാകാന്‍ നടപ്പാക്കുന്ന ഫെയിം പദ്ധതി തുടരേണ്ട എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ധനമന്ത്രാലയത്തില്‍ നിന്നും എതിര്‍പ്പുകളുണ്ടായിരുന്നെങ്കിലും മറ്റു വകുപ്പുകളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് സബ്‌സിഡി തുടരുകയായിരുന്നു. ഈ വര്‍ഷമാദ്യം സര്‍ക്കാര്‍ സബ്‌സിഡി നിരക്ക് കുറച്ചതോടെ വില്‍പനയെ ബാധിച്ചിരുന്നെങ്കിലും വീണ്ടും സ്ഥിരത കൈവരിച്ചുട്ടുണ്ടെന്ന് വിലയിരുത്തലിനെ തുടര്‍ന്നാണ് പൂര്ണമായും നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നത്. ( Govt considering termination of subsidy for electric two-wheelers )

പരമ്പരാഗത് ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നവര്‍ പതിയെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമെന്നാണ് അധികൃതര്‍ പറയുന്നത്. വാങ്ങുന്ന സമയത്ത് കൂടുതല്‍ വില നല്‍കിയാലും പ്രവര്‍ത്തന – പരിപാലന ചെലവ് വളരെ കുറവായതിനാല്‍ ജനങ്ങള്‍ മാറി ചിന്തിക്കുമെന്നാണ് സര്‍ക്കാരിന്റെ അനുമാനം.

നിലവില്‍ 2024 മാര്‍ച്ച് വരെയാണ് ഫെയിം 2 പദ്ധതിയുടെ കാലാവധി. ഈ പദ്ധതി പ്രകാരം 10 ലക്ഷത്തോളം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കാണ് സബ്‌സിഡി ലഭിച്ചത്. ഇതിനായി 10,000 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. നിര്‍മാണ കമ്പനികള്‍ പുതിയ മോഡലുകള്‍ പുറത്തിറക്കാനായി ഒരുങ്ങുകയും രാജ്യത്തുടനീളം ചാര്‍ജിങ് സ്റ്റേഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്നതിനിടെയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു തീരുമാനം. പുതിയ നടപടി ഉപഭോക്താക്കള്‍ക്കും കമ്പനികള്‍ക്കും തിരിച്ചടിയാകുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.

Read Also : ആകാശത്തിൽ സ്കൂട്ടറോടിച്ചാൽ എങ്ങനെയുണ്ടാവും? ഒരു വെറൈറ്റി പാരാഗ്ലൈഡിങ്ങ് കാഴ്ച!

വാഹനത്തിന്റെ ബാറ്ററി കപ്പാസിറ്റി അനുസരിച്ചായിരുന്നു സബ്‌സിഡി കണക്കാക്കിയിരുന്നത്. 2015-ല്‍ ആരംഭിച്ച ഫെയിം പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ഓരോ കിലോവാട്ടിനും 10,000 രൂപ വീതമാണ് സബ്‌സിഡി ലഭിച്ചിരുന്നത്. 2019-ല്‍ ആരംഭിച്ച രണ്ടാം ഘട്ടത്തില്‍ കിലോ വാട്ടിന് 15,000 രൂപയായിരുന്നു ആദ്യം സബ്‌സിഡി നല്‍കിയിരുന്നത്. 2023 ജൂണിലാണ് ഇത് 10,000 രൂപയായി കുറച്ച ഉത്തരവ് വന്നത്.

Story Highlights : Govt considering termination of subsidy for electric two-wheelers