ഐപിഎല്‍ താരലേലത്തിന് ചുറ്റിക വീശിയ ആദ്യ വനിത; ആരാണ് മല്ലിക സാഗര്‍..?

December 19, 2023

നിമിഷങ്ങള്‍ക്കുള്ളില്‍ കോടികള്‍ മിന്നിമറയുന്ന ഐപിഎല്‍ താരലേലത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ലോകത്തിലെ ഏറ്റവും സമ്പന്നമായി ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗില്‍ മാറ്റുരയ്ക്കുന്നതിനായി മികച്ച താരങ്ങളെ സ്വന്തമാക്കാന്‍ ടീമുകള്‍ മത്സരിക്കും. അവര്‍ക്ക് മുന്നിലായി ചുറ്റിക ഉയര്‍ത്തി ലേലം നടത്തിപ്പുകാരന്‍ സ്ഥാനമുറപ്പിക്കും. അയാളുടെ നിയന്ത്രണത്തിലാണ് താരങ്ങളുടെ ലേലം ഉറപ്പിക്കുന്നത്. ( Mallika Sagar Female Auctioneer in IPL Auction )

സൗമ്യമയ ഇടപെടലുകളിലൂടെ ലേലം ഉറപ്പിക്കുന്നതില്‍ ഇവരുടെ പങ്ക് വളരെ വലുതാണ്. കോടികളുമായി ലേലത്തിനെത്തുന്നവര്‍ക്ക് ലഭ്യമായിട്ടുള്ളതില്‍ നിന്ന് ആവശ്യമുള്ളതെല്ലാം സ്വന്തമാക്കാന്‍ അവസരം ഒരുക്കുക എന്നതാണ് ഇവരുടെ ജോലി.

റിച്ചാര്‍ഡ് മാഡ്ലി, ഹഗ് എഡ്മെഡെസ്, ഇന്ത്യക്കാരനായ ചാരു ശര്‍മ എന്നിവരെല്ലാം ലോകം കണ്ട ഏറ്റവും മികച്ച ലേലം നടത്തിപ്പുകാരാണ്. ഇവര്‍ക്ക് പിന്‍ഗാമിയായി ഐപിഎല്‍ മിനി താരലേലം നടത്താനായി ആര്‍ക്കായിരിക്കും നറുക്ക് വീഴുക എന്നതായിരുന്നു എല്ലാവരും കാത്തിരുന്നത്. ഈ കാത്തിരിപ്പിന് വിരാമിട്ടുകൊണ്ടാണ് ഇന്ത്യയില്‍ കുടുംബ വേരുകളുള്ള മല്ലിക സാഗര്‍ എത്തിയത്. 15 വര്‍ഷത്തെ ചരിത്രമുള്ള ഐപിഎല്ലില്‍ ലേലം നടത്തിപ്പിന് എത്തിയ ആദ്യ വനിത എന്ന വിശേഷണത്തോടെയാണ് മല്ലിക സാഗര്‍ ലേല വേദിയിലേക്ക് എത്തിയത്.

ചെറുപ്പകാലത്ത് വായിച്ചറിഞ്ഞാണ് 48-കാരിയായ മല്ലിക സാഗര്‍ ലേലം നടത്തിപ്പാണ് തന്റെ തൊഴിലെന്ന് തിരിച്ചറിഞ്ഞത്. മുംബൈ ആസ്ഥാനമായ സ്ഥാപനത്തിലെ ലേലം നടത്തിപ്പുകാരിയായ മല്ലിക മോഡേണ്‍ ആര്‍ട്ടില്‍ സ്‌പെഷ്യലിസ്റ്റാണ്. മുമ്പ് വിവിധ കലാസൃഷ്ടികളുടെ ലേലം നടത്തിപ്പിലും മല്ലിക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read Also : ഐപിഎല്ലില്‍ ഓസീസ് പണക്കിലുക്കം; സ്റ്റാര്‍ക്കിന് 24.7 കോടി, കമ്മിന്‍സ് 20.5 കോടി

കായിക ലോകത്തെ ലേലം നടത്തിപ്പില്‍ രണ്ട് വര്‍ഷത്തെ പരിചയസമ്പത്തുമായിട്ടാണ് മല്ലിക ഐപിഎല്‍ താരലേലം നിയന്ത്രിക്കാന്‍ എത്തിയത്. 2021ലെ പ്രോ കബഡി ലീഗ് ലേലം നിയന്ത്രിച്ച മല്ലിക സാഗര്‍ വനിത പ്രീമിയര്‍ ലീഗ് താരലേലത്തിനും ചുറ്റിക വീശി. മുംബൈയിലെ ബിസിനസ് കുടുംബത്തില്‍ ജനിച്ച മല്ലിക സാഗര്‍ ആര്‍ട് ഹിസ്റ്ററിയില്‍ ബിരുദം നേടിയ ശേഷമാണ് ലേലം നടത്തിപ്പിലേക്ക് ചുവടുവയ്ക്കുന്നത്.

Story Highlights : Mallika Sagar Female Auctioneer in IPL Auction