‘മെഫ്താൽ സ്പാസ്’ ആരോഗ്യത്തിന് ദോഷകരമോ? പുതിയ അറിയിപ്പ് ശ്രദ്ധിക്കുക!
ഒട്ടുമിക്ക എല്ലാ സ്ത്രീകളും പെൺകുട്ടികളും ആർത്തവസമയത്തെ വേദനയ്ക്കും അസ്വസ്ഥതകൾക്കും മറ്റും സ്ഥിരമായി ഉപയോഗിച്ച് വരുന്ന ഒരു മരുന്നാണ് മെഫ്താൽ സ്പാസ്. പാരസെറ്റമോൾ എത്രയും പ്രചാരത്തിലുണ്ടോ അതുപോലെ എല്ലാവർക്കും പരിചിതമായ ഒരു മരുന്ന് കൂടെയാണ് മെഫ്താൽ. എന്നാൽ ഇപ്പോഴിതാ ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ (ഐപിസി) ഈ വേദനസംഹാരിയെക്കുറിച്ച് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. (New Indian Government alert on the usage of Meftal Spas)
ഗുളികയിലെ ഘടകമായ മെഫെനാമിക് ആസിഡിന് ആരോഗ്യത്തിന് പ്രതികൂലമായ ഫലങ്ങൾ ഉണ്ടാക്കാമെന്നാണ് പറയുന്നത്. ഇസിനോഫീലിയ, DRESS സിൻഡ്രോം എന്നീ അപകടസാധ്യതകളെക്കുറിച്ച് അലേർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു.
ഡ്രെസ്സ് സിൻഡ്രോം എന്നത് ചില മരുന്നുകളുമായി ബന്ധപ്പെട്ട ഒരു കടുത്ത അലർജി പ്രതികരണമാണ്. മരുന്ന് കഴിച്ച് രണ്ടോ എട്ടോ ആഴ്ചകൾക്കിടയിൽ ചർമ്മത്തിൽ ചുണങ്ങ്, പനി, ലിംഫഡെനോപ്പതി തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.
Read also: കൊളസ്ട്രോള്‍ കൂടുതലാണോ? ശ്രദ്ധിക്കാം ചില കാര്യങ്ങള്‍
റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ്, ഡിസ്മനോറിയ, മിതമായ വേദന, വീക്കം, പനി, പല്ലുവേദന എന്നിവയുൾപ്പെടെ വിവിധ അവസ്ഥകൾക്ക് മെഫെനാമിക് ആസിഡ് അടങ്ങിയ മെഫ്തൽ സാധാരണയായി നിർദ്ദേശിക്കപ്പെടാറുണ്ട്.
ഹെൽത്ത് കെയർ പ്രൊഫഷണലുകൾ, രോഗികൾ, ഉപഭോക്താക്കൾ എന്നിവരോട് മരുന്നിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട മേൽപ്പറഞ്ഞ പ്രതികൂലമായ പ്രതികരണങ്ങളുടെ സാധ്യത സൂക്ഷ്മമായി നിരീക്ഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
DRESS സിൻഡ്രോം സൂചിപ്പിക്കുന്ന ലക്ഷണങ്ങൾക്കായി ജാഗ്രത പാലിക്കാൻ IPC അഭ്യർത്ഥിക്കുന്നു. അത്തരം പ്രതികരണങ്ങൾ നിരീക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ, പിവിപിഐയുടെ ദേശീയ ഏകോപന കേന്ദ്രത്തിൽ വിഷയം ഉടൻ അറിയിക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നു. IPC-യുടെ ഔദ്യോഗിക വെബ്സൈറ്റ് (www.ipc.gov.in), android മൊബൈൽ ആപ്പ് ADR PvPI അല്ലെങ്കിൽ PvPI ഹെൽപ്പ് ലൈൻ നമ്പർ 1800-180-3024 വഴി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാം.
Story highlights: New Indian Government alert on the usage of Meftal Spas