രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാം, വിളര്‍ച്ച തടയാം; ഭക്ഷണത്തിൽ ഉൾപ്പെടുത്താം മാതളം..

December 11, 2023

കാണുമ്പോഴുള്ള ഭംഗി പോലെ പോഷകഗുണത്തിന്റെ കാര്യത്തിലും മുന്നിലാണ് മാതളനാരങ്ങ. വിറ്റാമിന്‍ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഈ പഴത്തില്‍ ധാരാളമായി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഫലം കഴിക്കുന്നത് ശീലമാക്കിയാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുന്നതിലൂടെ വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ തടയുന്നതിനും ഉത്തമ പരിഹാരമാണ് മാതളനാരങ്ങ. ദഹന സംബന്ധമായ പ്രശ്‌നങ്ങളും മാതളം കഴിക്കുന്നതിലൂടെ പരിഹരിക്കാം. ( Pomegranate helps to boost immunity )

അതേസമയം ഹൃദ്രോഗം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, വൃക്ക രോഗങ്ങള്‍ എന്നിവയ്ക്കും പരിഹാരമാണ് ഈ പഴം. ശരീരത്തില്‍ അടിയുന്ന മോശം കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ അനാറിന് സാധിക്കും. ഹൃദയത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും ഹൃദയത്തില്‍ ഉണ്ടാകുന്ന അണുബാധ അകറ്റാനും മാതളം നാരങ്ങ കഴിക്കുന്നത് സഹായകമാകും.

ദിവസവും മാതള നാരങ്ങ കഴിക്കുന്നത് വൃക്ക സംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കാനും ഉത്തമമാണ്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്‌സ് ബിപി കുറയ്ക്കാന്‍ സഹായിക്കും. അതുകൊണ്ടുതന്നെ ദിവസവും ഈ ഫലം കഴിക്കുന്നത് ശീലമാക്കാം. മൂത്രാശയത്തിലുണ്ടാക്കുന്ന കല്ലുകളെ അലിയിപ്പിച്ച് കളയാനും ഈ പഴത്തിന് കഴിയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കുട്ടികളില്‍ കാണപ്പെടുന്ന ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും മികച്ച പരിഹാരമാണ് മാതള നാരങ്ങ കഴിക്കുന്നത്.

Read Also : ചുമയിൽ നിന്ന് രക്ഷനേടാൻ കുടിക്കാം പൈനാപ്പിൾ ജൂസ്!

മാതള നാരങ്ങ പഴമായും ജ്യൂസായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. മാതളത്തിന്റെ ഫലം മാത്രമല്ല തൊലി, പൂവ്, കായ് ഇല എന്നിവയും ധാരാളം ഔഷധ ഗുണങ്ങളാല്‍ സമൃദ്ധമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്പിനെ ആഗീരണം ചെയ്ത് വിളര്‍ച്ച ഒഴിവാക്കാന്‍ സഹായിക്കും.

Story highlights : Pomegranate helps to boost immunity