ഇന്ന് മുതൽ പുതിയ സിം കാർഡ് നിയമങ്ങൾ; അറിയേണ്ടത് എന്തെല്ലാം?

December 1, 2023

ഈ വർഷം ഓഗസ്റ്റിൽ സർക്കാർ അവതരിപ്പിച്ച പുതിയ സിം കാർഡ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ടെലികോം ഓപ്പറേറ്റർമാരുടെയും സിം ഡീലർമാരുടെയും പോലീസ് പരിശോധന ഉൾപ്പെടെ ബൾക്ക് സിം കാർഡുകളുടെ വിൽപ്പന നിരോധിക്കുക, ഏജന്റുമാരുടെയും വിതരണക്കാരുടെയും നിർബന്ധിത രജിസ്ട്രേഷൻ എന്നിങ്ങനെ നിരവധി മാറ്റങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്. (Telecom Department enforces new sim card rules from today)

പുതിയ ചട്ടങ്ങൾ പ്രകാരം, എല്ലാ ഡീലർമാരും വെരിഫിക്കേഷന് വിധേയരാകേണ്ടത് നിർബന്ധമാണ്. അത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അവർ 10 ലക്ഷം രൂപ വരെ പിഴ അടയ്ക്കേണ്ടി വരും. ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി ബൾക്ക് കണക്ഷനുകൾ നൽകുന്നത് നിർത്തലാക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. എങ്കിലും ഇപ്പോഴും ഒരു തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ആളുകൾക്ക് ഒമ്പത് സിം കാർഡുകൾ വരെ എടുക്കാം.

സിം കാർഡ് ഡീലർമാരുടെ വെരിഫിക്കേഷൻ ടെലികോം ഓപ്പറേറ്റർ നടത്തും. നിലവിലുള്ള വിൽപ്പനക്കാർക്ക് രജിസ്ട്രേഷൻ മാനദണ്ഡം പാലിക്കാൻ 12 മാസത്തെ സമയമുണ്ട്.

Read also: 5000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് റാപ്പിഡ് അലേര്‍ട്ട് സംവിധാനം; ലക്ഷ്യം സുരക്ഷിത ബാങ്കിങ്‌

പുതിയ സിമ്മുകൾ വാങ്ങുമ്പോഴോ നിലവിലുള്ള നമ്പറിൽ പുതിയതിന് അപേക്ഷിക്കുമ്പോഴോ ഉപഭോക്താവ് ആവശ്യമായ വിശദാംശങ്ങൾ നൽകണം. ഇത് KYC പരിഷ്കരണത്തിന് കീഴിലാണ് വരുന്നത്. പ്രിന്റ് ചെയ്ത ആധാർ കാർഡിന്റെ ക്യുആർ കോഡ് സ്കാൻ ചെയ്ത് വിശദാംശങ്ങൾ ശേഖരിക്കും.

മുൻ ഉപഭോക്താവ് ഉപേക്ഷിച്ച് 90 ദിവസങ്ങൾക്ക് ശേഷമേ പുതിയ ആൾക്ക് മൊബൈൽ നമ്പർ അനുവദിക്കൂ എന്നും സർക്കാർ അറിയിച്ചു.

ഈ വർഷമാദ്യം, മുൻകാല പരിഷ്കാരങ്ങളുടെ ഭാഗമായി, മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ മൊബൈൽ ഹാൻഡ്‌സെറ്റുകൾ റിപ്പോർട്ട് ചെയ്യുന്നതിനും അവ ബ്ലോക്ക് ചെയ്യുന്നതിനുമായി സർക്കാർ സഞ്ചാർ സാഥി പോർട്ടൽ ആരംഭിച്ചു. അനധികൃത മൊബൈൽ കണക്ഷനുകൾ തിരിച്ചറിയുന്നതിനായി AI അടിസ്ഥാനമാക്കിയുള്ള സോഫ്‌റ്റ്‌വെയർ ASTR-നോടൊപ്പം ചേർന്നാണ് ഇത് പ്രവർത്തിക്കുന്നത്.

Story highlights: Telecom Department enforces new sim card rules from today