“അമ്പോ വെളുത്തുള്ളി!”; സംസ്ഥാനത്ത് വെളുത്തുള്ളിക്ക് റെക്കോഡ് വില

January 7, 2024

ഓരോ അടുക്കളയിലും പാചകത്തിന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് വെളുത്തുള്ളി. നമ്മൾ മലയാളികളാകട്ടെ രുചിയോടെ ഭക്ഷണം പാകം ചെയ്യാൻ വെളുത്തുള്ളിയെ ഏറെ ആശ്രയിക്കുന്നവരാണ്. സ്വാദേറിയ മോര് കറിയുടെയും, മീൻകറിയുടെയും, ഇറച്ചി വിഭവങ്ങളുടെയുമൊക്കെ അണിയറ രഹസ്യങ്ങളിൽ വെളുത്തുള്ളി അൽപ്പം തലയെടുപ്പോടെ തന്നെ നിൽക്കും. എന്നാൽ സംസ്ഥാനത്ത് മിന്നൽ വേഗത്തിൽ കുതിച്ചുയരുകയാണ് വെളുത്തുള്ളി വില. (Garlic price spikes up in Kerala)

സർവകാല റെക്കോഡുമായി കിലോയ്ക്ക് 260 മുതൽ 300 രൂപ വരെയാണ് വെളുത്തുള്ളിയുടെ നിരക്ക്. ഹോൾസെയിൽ വില 230 മുതൽ 260 വരെയാണ്. അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥാവ്യതിയാനമാണ് വില കുതിപ്പിന് കാരണമെന്നാണ് വിവരങ്ങൾ. കൃഷി നശിച്ചതും വിളവെടുപ്പ് വൈകുന്നതും വില വർധനയ്ക്ക് കാരണമാകുന്നുവെന്ന് വ്യാപാരികൾ പറയുന്നു.

Read also: വിജയമറിയിച്ച് ആദിത്യ- L1; ഇത് രാജ്യത്തിന് അഭിമാന നേട്ടം!

വെളുത്തുള്ളി വിതരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. എന്നാൽ കാലാവസ്ഥാവ്യതിയാനം കാരണം മഹാരാഷ്ട്രയിൽ ഉത്പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികൾ അറിയിച്ചു.

ഒരു മാസത്തോളമായി വിലയിൽ വർദ്ധനവ് കണ്ടു വരുന്നു. കിലോയ്ക്ക് 130 രൂപ ഉണ്ടായിരുന്ന സ്ഥിതിയിൽ നിന്നാണ് വില കുതിച്ച് ഇപ്പോൾ 260 രൂപയിൽ എത്തി നിൽക്കുന്നത്. പാചകത്തിൽ ഏറെ അത്യാവശ്യമെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ വെളുത്തുള്ളി വാങ്ങാൻ ജനങ്ങൾ അൽപ്പം ആലോചിക്കേണ്ടി വരും.

Story highlights: Garlic price spikes up in Kerala