ഷമിക്ക് രാഷ്ടപതിയുടെ അർജുന അവാർഡ്; ആശംസയറിയിച്ച് വിരാട് കോലി

January 9, 2024

ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ത്യയുടെ അഭിമാന കായിക താരങ്ങൾക്ക് ദേശീയ കായിക അവാർഡുകൾ സമ്മാനിച്ചു. അവാർഡ് ജേതാക്കൾക്കിടയിൽ ഒരേയൊരു ക്രിക്കറ്റ് താരം മാത്രമാണ് ഉണ്ടായിരുന്നത്. 2023ലെ ഏകദിന ലോകകപ്പിലെ മികച്ച പ്രകടനത്തിന് ഇന്ത്യയുടെ പ്രീമിയം ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്കാണ് അർജുന അവാർഡ് ലഭിച്ചത്. (Kohli applauds Shami for winning Arjuna Awards)

തന്നെ പിന്തുണയ്ക്കുകയും തന്റെ കഠിനാധ്വാനത്തെ അംഗീകരിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ച് ഷമി ഇൻസ്റ്റാഗ്രാമിൽ കുറിച്ചതിങ്ങനെ:

“രാഷ്ട്രപതിയുടെ അഭിമാനകരമായ അർജുന അവാർഡ് നൽകി ആദരിച്ചതിൽ ഇന്ന് ഞാൻ അഭിമാനിക്കുന്നു. ഇവിടെയെത്താൻ എന്നെ ഒരുപാട് സഹായിച്ച എല്ലാവർക്കും, എന്റെ ഉയർച്ചയിലും താഴ്ചയിലും എപ്പോഴും പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ കോച്ച്, ബിസിസിഐ, ടീമംഗങ്ങൾ, എന്റെ കുടുംബം, സ്റ്റാഫ്, എന്റെ ആരാധകർ,ഏവർക്കും നന്ദി. എന്റെ കഠിനാധ്വാനം തിരിച്ചറിഞ്ഞതിന് നന്ദി. രാജ്യത്തിന് വേണ്ടി എന്നും മികച്ചത് നൽകാൻ ഞാൻ ശ്രമിക്കും. അർജുന അവാർഡ് ജേതാക്കളായ ഏവർക്കും ആശംസകൾ”.

പോസ്റ്റിന് താഴെ അഭനന്ദനങ്ങളുമായി ഉടൻ തന്നെ ക്രിക്കറ്റ് താരം വിരാട് കോലിയുമെത്തി. അവാർഡ് നേടിയ ഷമിയെ കോലി അഭിനന്ദിച്ചു. ‘അഭിനന്ദനങ്ങൾ ലാലാ’ എന്നാണ് അദ്ദേഹം കമെന്റിൽ കുറിച്ചത്.

Read also: സെനഗലിന്റെ അനുഗ്രഹീത ഫുട്‌ബോളർക്ക് മംഗല്യം; പ്രണയിനിയെ ജീവിതയാത്രയിൽ കൂടെക്കൂട്ടി സാദിയോ മാനേ

7 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുമായി 2023 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായി ഷമി മാറിയതിന് പിന്നാലെയാണ് ബിസിസിഐ ഷമിയുടെ പേര് അർജുന അവാർഡിന് ശുപാർശ ചെയ്തത്. 11 ഇന്നിംഗ്‌സുകളിൽ നിന്ന് 765 റൺസ് നേടിയ കോലിയും ഷമിയും ഇന്ത്യ ഏകദിന ലോകകപ്പിന്റെ ഫൈനലിലെത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

26 കായിക താരങ്ങളാണ് ഇന്ത്യൻ പ്രസിഡന്റായ ദ്രൗപതി മുർമുവിൽ നിന്ന് അർജുന അവാർഡ് ഏറ്റുവാങ്ങിയത്. 100-ലധികം മെഡലുകൾ നേടി ഇന്ത്യ ചരിത്രം സൃഷ്ടിച്ച 2023 ലെ ഏഷ്യൻ ഗെയിംസിൽ നിന്നുള്ള അത്‌ലറ്റുകളാണ് പട്ടികയിൽ കൂടുതലും ഉണ്ടായിരുന്നത്. അർജുന അവാർഡ് ജേതാക്കളിൽ മലയാളി താരമായ മുരളി ശ്രീശങ്കറും ഇടം നേടി.

Story highlights: Kohli applauds Shami for winning Arjuna Awards