‘ജനങ്ങൾ എന്നെ പിന്തുണയ്ക്കുന്ന തൂണുകൾ’; നന്ദിപൂർവം വിജയ്!

February 4, 2024

ഏറെ നാളുകളായി വാർത്തകളിൽ നിറഞ്ഞ് നിന്ന വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തിനാണ് ഒടുവിൽ ഉത്തരം ലഭിച്ചിരിക്കുന്നത്. പാർട്ടിയുടെ പേര് ഔദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത് പാർട്ടി രൂപീകരിച്ചെന്ന വിവരം പ്രഖ്യാപിച്ച് വിജയ് സോഷ്യൽ മീഡിയയിൽ കത്ത് പങ്കുവെയ്ക്കുകയായിരുന്നു. ഇപ്പോഴിതാ ‘തമിഴക വെട്രി കഴകം’ എന്ന് പേരുള്ള പാർട്ടിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ജനങ്ങളോട് നന്ദി പറഞ്ഞിരിക്കുകയാണ് താരം. (Actor Vijay thank people for lending support)

തന്നെ പിന്തുണയ്ക്കുന്ന വൻ തൂണുകൾ ജനങ്ങളാണ്. പുതിയ രാഷ്ട്രീയ യാത്രയിൽ ആശംസ അറിയിച്ച സിനിമ, രാഷ്ട്രീയ, മാധ്യമ മേഖലയിൽ നിന്നുള്ള എല്ലാവർക്കും നന്ദിയെന്നും വിജയ് വാർത്താക്കുറുപ്പിൽ അറിയിച്ചു. ഫെബ്രുവരി രണ്ടിനാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് ഉറപ്പിച്ചത്. സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട പ്രസ്താവനയിലൂടെ ആയിരുന്നു ഇത്.

ഇതുവരെ ഒപ്പുവെച്ചിട്ടുള്ള ചിത്രങ്ങൾ എല്ലാം പൂർത്തീകരിച്ച് മുഴുനീള രാഷ്ട്രീയ പ്രവർത്തകൻ ആകാനാണ് വിജയ്‌യുടെ തീരുമാനം. അത് ജനങ്ങളോടുള്ള തൻ്റെ നന്ദി മാത്രമാണെന്ന് താരം പറയുന്നു. മാത്രമല്ല, ‘ദളപതി 69’ ആയിരിക്കും തൻ്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമെന്നും അദ്ദേഹം പറഞ്ഞു.

Read also: അഭിമാനം ക്യാപ്റ്റൻ ദിയ, ദേവ്..- മക്കളുടെ വിജയത്തിൽ അഭിമാനത്തോടെ ജ്യോതിക

ഒരു ദശാബ്ദത്തിലേറെയായി വിജയ് രാഷ്ട്രീയ മോഹങ്ങൾ കൊണ്ട് നടക്കുകയാണ്. സൗജന്യ ഭക്ഷണ വിതരണം, വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ, ലൈബ്രറികൾ, സായാഹ്ന ട്യൂഷൻ, നിയമസഹായം എന്നിവ ഉൾപ്പെടെയുള്ള നിരവധി ചാരിറ്റി സേവനങ്ങളിൽ അദ്ദേഹം തൻ്റെ ഫാൻ ക്ലബ്ബുകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ആരാധകരെ ആകെ ആവേശത്തിലാക്കിയിരിക്കുകയാണ് ദളപതിയുടെ പുതിയ അറിയിപ്പുകൾ.

Story highlights: Actor Vijay thank people for lending support