“പലയിടങ്ങളിലും മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്”; ത്രേസ്യയുടെ മിസ് ഗോൾഡൻ ഫേസ് യാത്ര!

February 6, 2024

അവഗണനകളും പരിഹാസങ്ങളും ഇന്ധനമാക്കി സ്വപ്‌നങ്ങൾ നേടാൻ ഒറ്റയ്ക്ക് പൊരുതിയ നിരവധി പേരുടെ മാതൃകകൾ നമുക്ക് ചുറ്റുമുണ്ട്. ലോകം മുഴുവൻ എതിർത്ത് നിൽക്കുമ്പോഴും നിശ്ചയദാർഢ്യത്തോടെ ലക്ഷ്യങ്ങൾ ഉന്നം വെച്ച് നേട്ടത്തിന്റെ കൊടിമൂടി കയറിയ ചിലർ… അക്കൂട്ടരിൽ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ ത്രേസ്യ ലൂയിസ്. (How Thresia Louis won Golden Face Of South India)

ഗോൾഡൻ ഫേസ് ഓഫ് സൗത്ത് ഇന്ത്യയുടെ ഫസ്റ്റ് റണ്ണർ അപ്പായ ത്രേസ്യ വിജയത്തിലേക്ക് എത്തിയ വഴികളിൽ താണ്ടിയ വെല്ലുവിളികൾ ചെറുതല്ല. സ്‌കൂൾ കാലം മുതലുള്ള ത്രേസ്യയുടെ ആഗ്രഹമായിരുന്നു ഒരു മോഡൽ ആകുക എന്നത്. അമ്മയോട് ആഗ്രഹം പറഞ്ഞപ്പോൾ മകളുടെ ഭാവി എന്താകും എന്ന ആവലാതിയായിരുന്നു മനസ്സ് നിറയെ.

ഇൻസ്റ്റഗ്രാം സ്ക്രോൾ ചെയ്ത് പോകുമ്പോഴാണ് ഗോൾഡൻ ഫേസ് ഓഫ് സൗത്ത് ഇന്ത്യയുടെ പരസ്യം കണ്ടത്. എന്നാൽ മുപ്പതിനായിരത്തോളം രൂപയായിരുന്നു റജിസ്ട്രേഷൻ ഫീസ്. ഇത്രയും വലിയ തുക കണ്ടെത്താൻ ബുദ്ധിമുട്ടുള്ള ത്രേസ്യ പിൻവാങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് സഹപ്രവർത്തക സഹായമായി എത്തുന്നത്.

Read also: ഫുഡ് ഡെലിവറിക്കിടെ വഴിവിളക്കിന് താഴെയിരുന്ന് പഠനം; ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിൽ നിന്നും പോരാടുന്ന അഖിൽ..!

ത്രേസ്യയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ തടസ്സം പണം തന്നെയായിരുന്നു. പിന്നീട് വസ്ത്രങ്ങൾ, ആഭരണം അങ്ങനെ ഓരോരോ ആവശ്യങ്ങൾ വിലങ്ങു തടിയായി മുന്നിൽ വന്നപ്പോഴും താങ്ങായി മുന്നിലെത്തിയത് സുഹൃത്തുക്കൾ തന്നെയായിരുന്നു. ജൂനിയറായി പഠിച്ച കുട്ടി ആ ചിലവെല്ലാം വഹിക്കാമെന്ന് ഉറപ്പ് നൽകി.

അതോടെ മത്സരവേദിയിലേക്കുള്ള ത്രേസ്യയുടെ ദൂരം കുറഞ്ഞു. ത്രേസ്യ ഉൾപ്പടെ മറ്റ് 29 മത്സരാർത്ഥികൾ ആയിരുന്നു പേജെന്റിൽ പങ്കെടുത്തത്. ആദ്യമായി മറ്റ് മത്സരാർത്ഥികളെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഭയവും അപകർഷതാബോധവും ത്രേസ്യയെ ഭരിക്കാൻ തുടങ്ങി. കുട്ടിക്കാലം മുതൽ നിറത്തിന്റെയും ശരീരത്തിന്റെയും പേരിൽ കളിയാക്കലുകൾ ഏറെ കേട്ടിട്ടുണ്ടെന്നും പല വേദികളിൽ നിന്നും മനഃപൂർവം മാറ്റി നിർത്തപ്പെട്ടിട്ടുണ്ടെന്നും ത്രേസ്യ പറയുന്നു.

സ്വന്തമായി ഒരു വീട് വേണം, അമ്മയെയും മുത്തശ്ശിയേയും സുരക്ഷിതരാക്കണം എന്നതാണ് ത്രേസ്യയുടെ സ്വപ്നം. അന്തരാഷ്ട്ര തലത്തിൽ ഒരു മോഡലായി അറിയപ്പെടണം എന്നതാണ് ത്രേസ്യയുടെ ആഗ്രഹം. മിസ് ഫെമിന, മിസ് ദിവ മത്സരങ്ങളിലും ഭാഗമാക്കണമെന്നും ആഗ്രഹമുണ്ട്.

Story highlights: How Thresia Louis won Golden Face Of South India