രാജ്യത്താകെ രണ്ട് മരണങ്ങൾ; ഭീതി പടർത്തി മങ്കി ഫീവർ!
മനുഷ്യൻ ഉണ്ടായ കാലം മുതൽ രോഗങ്ങളും നിരവധി പകർച്ച വ്യാധികളും സാധാരണമാണ്. മനുഷ്യരാശി ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത വിധം എല്ലാ ലോക രാഷ്ട്രങ്ങളെയും പിടിച്ച് കുലുക്കി കൊവിഡും വന്നു. എന്നാൽ ഈ പരമ്പര അവിടം കൊണ്ടൊന്നും തീരുന്നില്ല. ഇപ്പോഴിതാ ജനങ്ങൾക്കിടയിൽ ഭീതി പടർത്തി മങ്കി ഫീവർ ചുറ്റും പടരുന്നു എന്ന വാർത്തകളാണ് വരുന്നത്. (Prevention of Monkey Fever that took two lives in Karnataka)
കുരങ്ങുകളിൽ കാണപ്പെടുന്ന പേനുകളാണ് മങ്കി ഫീവർ പടർത്തുന്നത്. 1957-ൽ കർണാടകയിലെ ക്യാസനര്‍ വനത്തിലാണ് രോഗം ആദ്യമായി കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ മങ്കി ഫീവർ ‘ക്യാസനര്‍ ഫോറസ്റ്റ് ഡിസീസ്’ എന്നും അറിയപ്പെടുന്നു. ‘ഫ്ളാവിവിരിഡെ’ എന്ന ഗണത്തിൽ പെട്ട വൈറസാണ് രോഗത്തിന് കാരണം. വനത്തിലെ ഒരു കുരങ്ങിന് രോഗം ബാധിച്ചതോടെയാണ് വൈറസിനെ കണ്ടെത്തിയത്.
അന്നുമുതൽ, പ്രതിവർഷം നാനൂറ് മുതൽ അഞ്ഞൂറ് വരെ മങ്കി ഫീവർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട് എന്നാണ് കണക്കുകൾ. പേൻ കടിച്ച കന്നുകാലികളുമായി സമ്പർക്കത്തിൽ വരുന്നതോടെയാണ് മനുഷ്യരിൽ രോഗം പടരുന്നത്. പേന്‍ കടിച്ച് മൂന്ന് മുതല്‍ എട്ട് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകും. പനി, തലവേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ശരീരവേദന, വയറിളക്കം, ഛര്‍ദി എന്നിവയും ഉണ്ടായെന്ന് വരാം. രോഗം മൂര്‍ച്ഛിക്കുന്നതനുസരിച്ച് ഛര്‍ദി, കഫം, മലം എന്നിവയില്‍ രക്തം കണ്ടുതുടങ്ങും.
Read also: സൗത്ത് കൊറിയയിൽ ട്രെൻഡായി ‘പല്ലുകുത്തി ഫ്രൈ’; ഗുരുതര മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം
രാജ്യത്ത് നിലവിൽ മങ്കി ഫീവര്‍ ബാധിച്ച് രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കര്‍ണാടക ശിവമൊഗ്ഗ ജില്ലയില്‍ 18 വയസുകാരിയും മണിപ്പാല്‍ ഉഡുപ്പി ജില്ലയിൽ 79 വയസുകാരനുമാണ് വൈറസ് ബാധയേറ്റ് മരിച്ചത്. കര്‍ണാടകയില്‍ ഇതുവരെ 49 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതുവരെ രോഗത്തിന് വാക്സിൻ കണ്ടെത്തിയിട്ടില്ല. അതിനാൽ ശ്രദ്ധ കൊടുക്കേണ്ടതും അനിവാര്യമാണ്. രോഗാണുക്കളെ അകറ്റി നിർത്താൻ ഫലപ്രദമായ അണുനാശിനികളും സാനിറ്റൈസറുകളും മറ്റും ഉപയോഗിക്കാം. വനങ്ങളിലും മറ്റും പ്രവേശിക്കുകയാണെങ്കിൽ ഫുള്‍ സ്ലീവ് ഷര്‍ട്ടുകളും ട്രൗസറുകളും ഷൂസുകളും ധരിക്കുന്നതിലൂടെ പേന്‍കടി തടയാൻ സാധിക്കും. കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തിയാൽ ബന്ധപ്പെട്ടവരെ വിവരം അറിയിക്കാനും മറക്കരുത്.
Story highlights: Prevention of Monkey Fever that took two lives in Karnataka