‘നമ്മൾ ഒരുമിച്ചുള്ള 1461 ദിവസങ്ങൾ’; രജിഷ വിജയനുമായുള്ള ബന്ധത്തെ കുറിച്ച് ടോബിൻ തോമസ്
അവതാരകയായി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ രജിഷ വിജയൻ ‘അനുരാഗ കരിക്കിൻവെള്ളം’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും രജിഷ സ്വന്തമാക്കി. ഇപ്പോൾ മറ്റു ഭാഷകളിലും തിരക്കുള്ള നടിയാണ് രജിഷ. മികച്ച വേഷങ്ങൾ തെരഞ്ഞെടുത്ത് സിനിമകൾ ചെയ്യുന്നതാണ് രജിഷയെ വേറിട്ടുനിർത്തുന്നത്. ( Tobin Thomas post about Rajisha Vijayan )
രജിഷ വിജയൻ പ്രണയത്തിലാണെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഛായാഗ്രഹകനായ ടോബിന് തോമസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രജിഷയ്ക്കൊപ്പമുള്ള നാല് വര്‍ഷങ്ങളെ കുറിച്ചാണ് ടോബിന്റെ ഏറ്റവും പുതിയ പോസ്റ്റ്. സ്റ്റാന്റ് അപ്, ദ ഫെയില്‍ ഐ, ഖൊഖൊ, ലവ്ഫുള്ളി യുവര്‍സ് വേദ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനാണ് ടോബിൻ.
നമ്മൾ ഒരുമിച്ചുള്ള 1461 ദിവസങ്ങള്‍. സ്നേഹവും സന്തോഷങ്ങളും പരസ്പരമുള്ള വിഡ്ഡിത്തങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയുമെത്ര യാത്രകള്‍’ എന്ന അടിക്കുറിപ്പോടെയാണ് രജിഷയ്ക്കൊപ്പമുള്ള ചിത്രം ടോബിന് പങ്കുവച്ചിരിയ്ക്കുന്നത്. ഒരുമിച്ചുള്ള ദിവസങ്ങൾ കൗണ്ട് ചെയ്ത് രജിഷയും കമന്റുമായി എത്തിയതോടെയാണ് ആരാധകർക്കിടയിൽ ചർച്ചയായത്.
ചിത്രം പങ്കുവച്ചതിന് പിന്നാലെ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് സെലിബ്രിറ്റി സുഹൃത്തുക്കളും എത്തി. നൂറിൻ ഷെരീഫ്, നിരജ്ഞന അനൂപ്, അഹാന കൃഷ്ണ, മമിത ബൈജു തുടങ്ങിയവരാണ് പോസ്റ്റിന് താഴെ പ്രതികരണവുമായി എത്തിയത്. രാഹുൽ രഞ്ജിത്ത് സംവിധാനം ചെയ്ത് രജിഷ വിജയൻ കേന്ദ്രകഥാപാത്രമായി 2021-ൽ തിയേറ്ററിലെത്തിയ ഖൊഖൊ എന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത് ടോബിൻ തോമസായിരുന്നു. ഈ ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് പ്രവർത്തിച്ചത്.
Story highlights : Tobin Thomas post about Rajisha Vijayan