തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുഴിയെടുത്തപ്പോൾ കിട്ടിയത് നിധികുംഭം; അതേയിടത്ത് കുഴിച്ചപ്പോൾ വീണ്ടും നിധി!
കണ്ണൂർ ശ്രീകണ്ഠാപുരത്ത് തൊഴിലുറപ്പ് പണിക്കിടെ തൊഴിലാളികൾക്ക് ലഭിച്ചത് നിധികുംഭം! ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിരവധി വസ്തുക്കൾ ഉൾപ്പെടുന്ന പാത്രം ലഭിച്ചത്. മഴക്കുഴി നിർമിക്കുന്നതിനിടെയാണ് സ്വർണ ലോക്കറ്റുകൾ ഉൾപ്പെടെ ഇവർക്ക് ലഭിച്ചത്. ആദ്യഘട്ടത്തിൽ ബോംബാണെന്ന് വിചാരിച്ചാണ് നിന്നതെങ്കിലും തുറന്ന് നോക്കിയപ്പോൾ കണ്ടത് സ്വർണമെന്ന് തോന്നിക്കുന്ന നിരവധി വസ്തുക്കളാണ്.
റബ്ബർ തോട്ടത്തിൽ കുഴിയെടുത്തപ്പോഴാണ് തൊഴിലാളികൾക്ക് നിധികുംഭം ലഭിച്ചത്. 18 തൊഴിലാളികൾ ആയിരുന്നു കുഴിയെടുക്കാനുണ്ടായിരുന്നത്. ഒരു ഓട്ടുപാത്രത്തിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് സ്വർണ ലോക്കറ്റുകളും നാണയങ്ങളും മുത്തുകളും ഉണ്ടായിരുന്നത്. ഇവർ ഉടൻ തന്നെ ഈ വിവരം പഞ്ചായത്തിൽ അറിയിക്കുകയും പഞ്ചായത്ത് ഈ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഓട്ടുപാത്രത്തിലുള്ളത് സ്വർണം തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
Read also: ഇഷ്ടമുള്ള മീൻ സ്വയം ചൂണ്ടയിട്ട് പിടിക്കാം; വേറിട്ട കൗതുകമൊരുക്കി ജാപ്പനീസ് റെസ്റ്റോറന്റ്
നിധി ലഭിച്ചതിന് പിന്നാലെ അതേസ്ഥലത്തെ കുഴിയിൽ നിന്നും ചില വെള്ളിസാധനങ്ങളും ലഭിച്ചതായി റിപ്പോർട്ട് ഉണ്ട്. നേരത്തെ നിധി ലഭിച്ച അതേസ്ഥലത്തുനിന്ന് വെള്ളിനാണയങ്ങളും മുത്തുകളും ലഭിച്ചു. പൊലീസ് ആഭരണങ്ങൾ കോടതിയിൽ ഹാജരാക്കി. കോടതിയുടെ കൈവശമുള്ള ഈ വസ്തുക്കൾ പുരാവസ്തു വകുപ്പ് വിശദമായി പരിശോധിച്ചുവരികയാണ്. ആഭരണങ്ങളുടെ കാലപ്പഴക്കം കണ്ടെത്താൻ പുരാവസ്തു വകുപ്പ് ശ്രമിച്ചുവരികയാണ്.
Story highlights- Treasure found in Kannur