ഈ യുവതാരങ്ങളാണ് ഇന്ത്യക്ക് പരമ്പര വിജയം സമ്മാനിച്ചത്; വിലയിരുത്തലുകളുമായി സെവാഗ്

 

ഇന്ത്യയുടെ യുവ സ്പിൻ ജോഡികളായ യൂസ്വേന്ദ്ര ചഹലിന്റെയും  കുൽദീപ് യാദവിന്റയും ബൗളിങ് മികവിനെ പ്രശംസിച്ച്  മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്  ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യമായി ഏകദിന പരമ്പര സ്വന്തമാക്കാൻ ഇന്ത്യൻ ടീമിനെ പ്രാപ്തമാക്കിയത്  ഇരു ബൗളെർമാരുടെയും മികച്ച പ്രകടനമായിരുന്നുവെന്നും സെവാഗ് കൂട്ടിച്ചേർത്തു.

‘ദക്ഷിണാഫ്രിക്കൻ മണ്ണിൽ അവരെ കീഴ്പ്പെടുത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല..ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമാണ്.. മികച്ച രീതിയിൽ പന്തെറിഞ്ഞു കൊണ്ട് ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻമാരെ  പ്രതിസന്ധിയിലാക്കിയ ചഹലും കുൽദീപും ഈ പരമ്പരയുടെ കണ്ടെത്തലുകളാണ്. അനിൽ കുംബ്ലെക്കും ഹർഭജനും സാധിക്കാതിരുന്നത്  ചഹലും കുൽദീപും നേടിയെടുത്തുവെന്നത് നിസ്സാര കാര്യമല്ല.   അതിനാൽ തന്നെ പരമ്പര വിജയത്തിന്റെ ക്രെഡിറ്റ് ഇവർക്ക് അവകാശപ്പെട്ടതാണ്.കളി  ജയിപ്പിക്കാനറിയുന്ന ബാറ്റ്‌സ്മാൻമാരെ മാത്രമാണ് ഇന്ത്യ  സാധാരണയായി സൃഷ്ട്ടിക്കാറുള്ളത്.എന്നാലിപ്പോൾ ഏത് സാഹചര്യത്തിലും കളി പിടിച്ചെടുക്കാൻ പ്രാപ്തിയുള്ള രണ്ടു സ്പിന്നർമാരെ നമുക്ക് ലഭിച്ചിരിക്കുന്നു’- സെവാഗ് പറഞ്ഞു.

അഞ്ചു മത്സങ്ങളിൽ നിന്നായി 30 വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ്-ചഹൽ ജോഡിയുടെ സ്പിൻ മികവാണ്  മധ്യ ഓവറുകളിൽ കളിയുടെ നിയന്ത്രണം പിടിച്ചെടുത്ത്‌ വിജയം സ്വന്തമാക്കാൻ ഇന്ത്യയെ പ്രാപ്തമാക്കിയത്. ഇന്ത്യൻ ബൗളർമാരുടെ സ്പിന്നിന് മുൻപിൽ പലതവണ പരാജയപ്പെട്ടുവെന്ന് ഡുമ്‌നിയടക്കമുള്ള ദക്ഷിണാഫ്രിക്കൻ താരങ്ങൾ പരസ്യമായി സമ്മതിച്ചിരുന്നു.

5 മത്സരങ്ങളിൽ നിന്നും കുൽദീപ് 16 വിക്കറ്റുകൾ പിഴുതപ്പോൾ 14 പേരെ പുറത്താക്കിയാണ് ചഹൽ തന്റെ മികവ് പ്രകടിപ്പിച്ചത്. ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ സ്പിൻ ജോഡിയെന്ന റെക്കോർഡും ഇതോടെ കുൽദീപ്-ചഹൽ സഖ്യം സ്വന്തമാക്കി..