തീപാറും പോരാട്ടങ്ങൾക്കൊരുങ്ങി റഷ്യൻ ലോകകപ്പ്; ക്വാർട്ടർ ഫിക്സ്ച്ചർ പരിശോധിക്കാം

July 4, 2018

ലോകകിരീടമെന്ന ലക്ഷ്യവുമായി റഷ്യയിലെത്തിയ 32 ടീമുകളിൽ 24 പേർ പുറത്തുപോയിരിക്കുന്നു. പിഴവില്ലാതെ പൊരുതുന്നതിൽ മിടുക്കു കാണിച്ച എട്ടുപേർ വിശ്വവിജയത്തിനായുള്ള  പോർവേദിയിൽ അങ്കത്തിനിറങ്ങാനൊരുങ്ങുകയാണ് ..അവസാന റൗണ്ടിലെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ച അർജന്റീന, ജർമ്മനി,സ്പെയിൻ, പോർച്ചുഗൽ തുടങ്ങി വമ്പന്മാരെല്ലാം പാതി വഴിയിൽ പൊരുതി വീണപ്പോൾ, ആതിഥേയരായ റഷ്യ അട്ടിമറിക്കരുത്തുമായി ക്വാർട്ടറിലെത്തി..

ക്വാർട്ടറിലെ  ആദ്യ പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വായ് യൂറോകപ്പ് റണ്ണേഴ്‌സ് അപ്പുകളായ ഫ്രാൻസിനെ നേരിടും.. ലോകഫുട്ബോളിലെ ഭാവി താരമെന്ന് വാഴ്ത്തപ്പെടുന്ന എംബാപ്പയും. പോഗ്ബയും,ഗ്രീസ്മാനും ജിറൗഡും,ഡെംബെലയുമടങ്ങുന്ന മുന്നേറ്റ നിര ലോകകപ്പിലെ തന്നെ ഏറ്റവും വിനാശകാരിയായ ആക്രമണ യൂണിറ്റാണ്. അർജന്റീനയെ തകർത്തെറിഞ്ഞതിന്റെ ആവേശത്തിലെത്തുന്ന ഫ്രാൻസിനെ പിടിച്ചുകെട്ടാൻ ഗോഡിനും ജിമിനെസുമടങ്ങുന്ന ഉറുഗ്വൻ പ്രതിരോധ നിര നന്നായി വിയർക്കേണ്ടിവരുമെന്നുറപ്പാണ്..മിന്നുന്ന ഫോമിൽ കളിക്കുന്ന കവാനി-സുവാരസ് ദ്വയം ഒരിക്കൽ കൂടി കരുത്തുതെളിയിച്ചാൽ ഫ്രാൻസിനെ വീഴ്ത്തി ഉറുഗ്വായ് സെമിയിലെത്തുകയും ചെയ്യും.നിസ്നിയിൽ ജൂലായ് 6 ന്  രാത്രി 7.30 നാണ് പോരാട്ടം

ലോകകപ്പിലെ ഏറ്റവും കരുത്തുറ്റ പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന പോരാട്ടമാണ് രണ്ടാം ക്വാർട്ടറിലെ ബ്രസീൽ ബെൽജിയം  മത്സരം..സാംബ താളവുമായി എതിരാളികളെ നിഷ്പ്രഭമാക്കുന്ന  നെയ്മറും സംഘവും ഇതിനോടകം തന്നെ ലോകകപ്പിലെ ഫേവറിറ്റുകളായി മാറിക്കഴിഞ്ഞു.പ്രീക്വാർട്ടറിൽ  ഐതിഹാസിക  തിരിച്ചുവരവിലൂടെ ജപ്പാനെ കീഴടക്കിയ ബെൽജിയം അവസാന ശ്വാസം വരെ പോരാടുന്നവരുടെ സംഘമാണ്.തോൽക്കാൻ മനസ്സില്ലാത്ത ബെൽജിയവും ജയിക്കാനുറച്ച ബ്രസീലും കൊമ്പുകോർക്കുമ്പോൾ മത്സരം തീപാറുമെന്നുറപ്പാണ്..ജൂലായ് 6ന് രാത്രി 11.30 ന്  കസാൻ അരീനയിലാണ് പോരാട്ടം

യൂറോപ്പ്യൻ ശക്തികളുടെ ബല പരീക്ഷണമായി മാറുന്ന മൂന്നാം ക്വാർട്ടറിൽ ഇംഗ്ലണ്ടും സ്വീഡനുമാണ് ഏറ്റുമുട്ടുന്നത്. നിർഭാഗ്യങ്ങളിൽ തട്ടി ലോകകപ്പിൽ നിന്നും പുറത്താവാറുള്ള  ഇംഗ്ലണ്ട് ഇത്തവണ പിഴവറ്റ   പോരാട്ടങ്ങളിലൂടെ  എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു..ജൂലൈ  7 ന് സമാര അരീനയിൽ രാത്രി 7.30 നാണ് സ്വീഡൻ-ഇംഗ്ലണ്ട് പോരാട്ടം അരങ്ങേറുക.

അവസാന ക്വാർട്ടറിൽ ആതിഥേയരായ റഷ്യയും ക്രൊയേഷ്യയുമാണ് പരസ്പരം പോരടിക്കനിറങ്ങുന്നത്. പ്രീക്വാർട്ടറിൽ മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനെ തോല്പിച്ചെത്തുന്ന റഷ്യയെ കീഴടക്കാൻ കഴിഞ്ഞാൽ മോഡ്രിച്ചിനും സംഘത്തിനും  സെമിയിലെത്താം..ഫിഷ്ട് സ്റ്റേഡിയത്തിൽ ജൂലായ് 7 ന് രാത്രി 11.30 നാണ് റഷ്യ-ക്രൊയേഷ്യ  പോരാട്ടം..