ബെൽജിയത്തെ കീഴടക്കി ഫ്രാൻസ് ഫൈനലിൽ

ഒടുവിൽ ഫ്രഞ്ച് വിപ്ലവത്തിന് മുന്നിൽ  ബെൽജിയൻ വെല്ലുവിളികളും അവസാനിച്ചിരിക്കുന്നു.തുല്യ ശക്തരുടെ പോരാട്ടമായി മാറിയ മത്സരത്തിൽ ബെൽജിയത്തെ ഒരു ഗോളിന് കീഴടക്കി ഫ്രഞ്ച് പട  റഷ്യൻ ലോകകപ്പിലെ  കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുന്നു.. മത്സരത്തിന്റെ 51ാം മിനുട്ടിൽ ഉംറ്റിറ്റി നേടിയ ഗോളിലാണ് ബെൽജിയത്തെ കീഴടക്കി ഫ്രാൻസ് ഫൈനലിൽ എത്തിയത്..

മനോഹരമായ ആക്രമണ ഫുട്ബോളിന് വേദിയായ സെന്റ്പീറ്റേഴ്സ്ബർഗിൽ ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംസിന്റെ തന്ത്രങ്ങളാണ് ഫ്രാൻസിനെ മൂന്നാം തവണയും ഫൈനലിൽ എത്തിച്ചത്..നിരന്തരമായ ആക്രമണങ്ങളിലൂടെ ഇരു ടീമുകളും മുന്നേറിയ മത്സരത്തിൽ ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ല..

ഒടുവിൽ മത്സരത്തിന്റെ 51ാം മിനുട്ടിൽ ഗ്രീസ്മാൻ എടുത്ത കോർണറിനെ  കൃത്യമായ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു ഉംറ്റിറ്റി..സമനില ഗോൾ കണ്ടെത്താനുള്ള ബെൽജിയൻ ശ്രമങ്ങളെ കടുത്ത പ്രതിരോധക്കോട്ട കെട്ടിക്കൊണ്ട് തടഞ്ഞു നിർത്താൻ കഴിഞ്ഞതോടെ ഒരു ഗോൾ വിജയവുമായി  ഫ്രാൻസ് ഫൈനലിൽ എത്തുകയായിരുന്നു.ഫൈനലിൽ ഇംഗ്ലണ്ട്/ ക്രൊയേഷ്യ മത്സരത്തിലെ വിജയികളുമായാണ് ഫ്രാൻസ് ഏറ്റുമുട്ടുക.