സംസ്ഥാനത്ത് ഇന്ന് ഹർത്താൽ

November 17, 2018

സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‍തത്.

ഇന്നലെ രാത്രി ശശികലയെ പൊലീസ് മരക്കൂട്ടത്ത് തടഞ്ഞിരുന്നു.5 മണിക്കൂർ തടഞ്ഞുവച്ചശേഷമായിരുന്നു അറസ്റ്റ്. രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ശശികല തിരിച്ചു പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മുംബൈയിലേക്കു മടങ്ങി.

ഹർത്താൽ കൊച്ചി നഗരത്തിൽ ഭാഗീകം. പോലീസ് സംരക്ഷണത്തിൽ കെ എസ് ആർ ടി സി സർവീസ് നടത്തുന്നുണ്ട്.

ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. കണ്ണൂർ സർവ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. കേരള ഹിന്ദി പ്രചാരസഭ ഇന്ന് നടത്താനിരുന്ന സുഗമ പരീക്ഷകൾ മാറ്റിവച്ചു.

ഹര്‍ത്താലിന്‍റെ സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന വിവിധ  പരിപാടികളില്‍ മാറ്റങ്ങളുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.