‘മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും’; സന്തോഷവും സമൃദ്ധിയും പകർന്ന് ഇന്ന് വിഷു

‘ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും

മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും…’

പ്രകൃതി പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി കാത്തിരിക്കുന്ന ദിനം…വരാനിരിക്കുന്ന നല്ല നാളുകളിലേക്ക് ലോകമലയാളികൾ കണികണ്ടുണരുന്ന ദിനം..’വിഷു’..വിഷുവിന്‍റെ വരവിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്‍ക്കും. കിളികളുടെ പാട്ട്, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങള്‍, പ്രസന്നമായ പകല്‍ എവിടെയും സമൃദ്ധിയും സന്തോഷവും…എന്നാൽ ഇത്തവണത്തെ വിഷുവിനെ  എതിരേൽക്കാൻ കേരളജനതയ്ക്ക് ഇനിയുമുണ്ട് കാരണങ്ങൾ..അതിജീവനത്തിന്റെ നാൾ വഴികളിലൂടെ കടന്നുപോയ മലയാളക്കരയുടെ ആദ്യ വിഷുവാണ് ഇത്. കേരളം നേരിട്ട മഹാവിപത്ത് പ്രളയത്തെ അതിജീവിച്ച കേരളക്കരയുടെ പുനർജന്മത്തിന്റെ വിഷുക്കാലം.

മലയാളികൾക്ക് ഐശ്വര്യത്തിന്റെ പൊൻ പുലരിയാണ് വിഷു. പുതുവർഷത്തിലേക്കുള്ള ചവടുവെയ്പ്പ്.  സ്നേഹത്തിന്റെ കണിവെള്ളരിക്കൊപ്പം കണിക്കൊന്നയുടെ പീതവര്‍ണവും കൈനീട്ടത്തിന്റെ ഐശ്വര്യവും സമ്മാനിച്ച്  മലയാളിക്ക് പ്രതീക്ഷയുടെ മാസമാണ് മേടം. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ മലയാളികളുടെ മറ്റൊരു വിശ്വാസം. കേരളീയരുടെ കാര്‍ഷികോത്സവം എന്നും വിഷു  അറിയപ്പെടുന്നു.  പഴയ വിശ്വാസമനുസരിച്ച് കാര്‍ഷിക സമൂഹമായ കേരളത്തിന്റെ ഭൂപ്രകൃതിയിലാകെ മാറ്റത്തിന്റെ കാലമാണിത്. വയലുകളില്‍ കര്‍ഷകന്‍ നിലമൊരുക്കി വിത്തിടീല്‍ തുടങ്ങുന്ന കാലം. വിഷുക്കാലത്ത് എങ്ങും ഉത്സവ പ്രതീതിയാണ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും  സ്നേഹത്തിന്റെയും ഉത്സവം.

Leave a Reply

Your email address will not be published. Required fields are marked *