മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച് വിജയ് സേതുപതി; ‘എന്നാ പറയാനാ…’ ഗാനം ശ്രദ്ധേയമാകുന്നു…

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. താരം മലയാളത്തിലേക്കും അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്തയും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതുപോലും.

മലയാളികളുടെ പ്രിയതാരം ജയറാമിനൊപ്പമാണ് വിജയ് സേതുപതിയുടെ അരങ്ങേറ്റം. ‘മാര്‍ക്കോണി മത്തായി’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. എന്നാ പറയാനാ എന്നു പേരിട്ടിരിക്കുന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതും.  ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. അതേസമയം ചിത്രത്തിലേക്ക് വിജയ് സേതുപതിയെ എത്തിച്ചതും ജയറാമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. താനുമായുള്ള സൗഹൃദം വിജയ് സേതുപതിയെ മലയാള സിനിമയുടെ ഭാഗമാക്കാന്‍ സഹായിച്ചെന്നു ജയറാം പറയുന്നു. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

‘അഭിനയിച്ചിട്ടുള്ള എല്ലാ ഭാഷകളിലെയും സിനിമാക്കാരുമായി നല്ല ബന്ധവും സൗഹൃദവും പുലര്‍ത്താറുണ്ട്. അതാവും ഒരു പക്ഷെ താന്‍ ക്ഷണിക്കുമ്പോള്‍ അന്യഭാഷാ താരങ്ങള്‍ കൂടെ അഭിനയിക്കാന്‍ കാരണമാകുന്നത്.” ജയറാം അഭിമുഖത്തില്‍ പറഞ്ഞു. ‘മാര്‍ക്കോണി മത്തായി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വിജയ് സേതുപതി ഈ സിനിമയുടെ ഭാഗമായാല്‍ നന്നാവുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ഈ കഥ പറഞ്ഞു. കഥ ഇഷ്ടപ്പെട്ടതുകൊണ്ടും താരം സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു’: ജയറാം കൂട്ടിച്ചേര്‍ത്തു.

Read more:മോഹന്‍ലാലിന്റെ ആദ്യ സംവിധാനസംരംഭം ‘ബറോസി’ല്‍ സംഗീതമൊരുക്കുന്നത് 13 വയസുകാരന്‍

അതേസമയം പരസ്യചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’. സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആത്മിയ ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നു. അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ മത്തായി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *