2019 ലോകകപ്പിലേക്കുള്ള ഇംഗ്ലണ്ടിന്റെ യാത്ര ഇങ്ങനെ…

July 15, 2019

കാണികളെപോലും സമ്മര്‍ദ്ദത്തിലാക്കിയാതായിരുന്നു 2019 ലോകകപ്പിലെ ഫൈനല്‍ പോരാട്ടം. ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലുള്ള പോരാട്ടം ചരിത്രം സൃഷ്ടിക്കുന്നു. ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് പരാജയപ്പെട്ടെന്ന് പറയാനാവില്ല. ഭാഗ്യം ഇംഗ്ലണ്ടിനെ തുണച്ചു എന്ന് പറയാതിരിക്കാനും ആവില്ല. എന്തായാലും ഇംഗ്ലണ്ടിന്റെ ഈ കന്നികിരീട നേട്ടത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല.

2019 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 104 റണ്‍സിന്റെ ജയത്തോടെയായിരുന്നു ഈ ലോകകപ്പ് സീസണിലെ യാത്ര ഇംഗ്ലണ്ട് ആരംഭിച്ചത്. തുടക്കം മികച്ചതായിരുന്നെങ്കിലും ഇടയ്‌ക്കൊക്കെ ഇംഗ്ലണ്ടിന് കാലിടറി.

രണ്ടാം മത്സരത്തില്‍ പാകിസ്താനെതിരെ 14 റണ്‍സിന് ഇംഗ്ലീഷ് പടയക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. രണ്ടാം മത്സരത്തിലെ പരാജയത്തിനു തളര്‍ത്താനായില്ല ഇംഗ്ലീഷ് ടീമിനെ. ബംഗ്ലാദേശിനെതിരെ നടന്ന മൂന്നാം മത്സരത്തില്‍ ജേസണ്‍ റോയിയുടെ സെഞ്ചുറി മികവില്‍ 386 റണ്‍സ് അടിച്ചെടുത്ത ഇംഗ്ലണ്ട് നേടിയത് 106 റണ്‍സിന്റെ കൂറ്റന്‍ വിജയം.

വെസ്റ്റ്ഇന്‍ഡീസിനെതിരെ നടന്ന നാലാം മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം നേടാനയതും ഇംഗ്ലണ്ട് ടീമിന്റെ നേട്ടമാണ്. ഈ മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 213 റണ്‍സ് എന്ന വിജയലക്ഷ്യം ജോ റൂട്ടിന്റെ സെഞ്ചുറി മികവില്‍ ഇംഗ്ലണ്ട് മറികടന്നു. അഫ്ഗാനിസ്ഥാനെതിരെ നടന്ന അഞ്ചാം മത്സരത്തിലും 150 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇംഗ്ലീഷ് പട സ്വന്തമാക്കിയത്.

Read more:ആഹാ, എന്തൊരു മത്സരം…! കിരീടം ചൂടി ഇംഗ്ലണ്ട്

എന്നാല്‍ ആറാം മത്സരത്തില്‍ വീണ്ടും ഇംഗ്ലണ്ടിന് കാലിടറി. ശ്രീലങ്കയോട് 20 റണ്‍സിന് ഇംഗ്ലീഷ് പട പരാജയം സമ്മതിച്ചു. ഓസിസിനെതിരെ നടന്ന ഏഴാം മത്സരത്തിലും ഇംഗ്ലണ്ടിന് പാളി. ഏറെ നിര്‍ണായകമായിരുന്നു ഇംഗ്ലണ്ടിന്റെ എട്ടാം മത്സരം. ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 31 റണ്‍സിന്റെ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കിവീസിനെ 119 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് സെമിയിലേക്ക് കടന്നത്.

സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച ജയം നേടാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. ഓസിസ് ഉയര്‍ത്തിയ 224 റണ്‍സ് എന്ന വിജയലക്ഷ്യം 32.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. ഒടുവില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് അടിച്ചെടുത്ത 241 റണ്‍സ് നിശ്ചിത ഓവറില്‍ ഇംഗ്ലണ്ടും അടിച്ചെടുത്തു. ഇതോടെ കളിയുടെ ഗതി മാറി. 2019 ലോകകപ്പ് സൂപ്പര്‍ ഓവറിലേയ്ക്ക്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് പട 15 റണ്‍സ് എടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡും സൂപ്പര്‍ ഓവറില്‍ അടിച്ചെടുത്തത് 15 റണ്‍സ് തന്നെ. അങ്ങനെ ഫൈനല്‍ മത്സരത്തില്‍ ഏറ്റവും അധികം ബൗണ്ടറികള്‍ നേടിയ ടീം എന്ന നിലയില്‍ ലോകകപ്പ് ഇംഗ്ലണ്ട് ഉയര്‍ത്തി.