വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ പേരിലുമുണ്ട് കാര്യം; സൂക്ഷിച്ചില്ലെങ്കിൽ എന്നന്നേക്കുമായി അക്കൗണ്ട് നഷ്ടമാകും

November 27, 2019

ഒട്ടേറെ സമൂഹമാധ്യമങ്ങൾ ദൈനംദിനം ഓരോ വ്യക്തിയും ഉപയോഗിക്കുന്നുണ്ട്. ഫേസ്ബുക്ക്,വാട്സ്ആപ്പ്, ടെലഗ്രാം, ഷെയർ ചാറ്റ് തുടങ്ങി ഒട്ടേറെ മാധ്യമങ്ങൾ നിലവിലുണ്ട്. കൂട്ടത്തിൽ ഏറ്റവും പ്രചാരം വാട്സാപ്പിനാണ്. കാരണം കൂടുതൽ സ്വകാര്യത വാട്സ്ആപ്പിനുണ്ടെന്ന വിശ്വാസ്യതയാണ് ഇതിനു പിന്നിൽ.

പരസ്പരം സംസാരിക്കാനും വീഡിയോ കോൾ സംവിധാനവുമൊക്കെ വാട്സ്ആപ്പ് പ്രദാനം ചെയ്യുന്നുണ്ടെങ്കിലും അക്കൗണ്ട് താനേ ബ്ലോക്കാകാൻ വലിയ സാധ്യത ഇനി ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഉപയോക്താക്കൾ. വാട്സ്ആപ്പില്‍ ഒട്ടേറെ ഗ്രൂപ്പുകൾ ഉണ്ടാക്കാം. ഇനി മുതൽ ഇത്തരം ഗ്രൂപ്പുകളിൽ അംഗമാകുമ്പോൾ ശ്രദ്ധിക്കേണ്ടത് മോശമായ പേരുകൾ ഗ്രൂപ്പിന് നല്കിയാൽ ഗ്രൂപ്പിൽ അംഗമായിരിക്കുന്നവർ ഒന്നടങ്കം വാട്സ്ആപ്പില്‍ നിന്നും ബ്ലോക്കാകും എന്നതാണ്.

എന്തെങ്കിലും പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പേരുകൾ നല്കുമ്പോഴാണ് ഇത്തരത്തിൽ ബ്ലോക്ക് ചെയ്യപ്പെടുന്നത്. ഇതോടെ ആ ഗ്രൂപ്പിലെ അംഗങ്ങളുടെ അക്കൗണ്ട് താനേ വാട്സ്ആപ്പില്‍ നിന്നും നീക്കം ചെയ്യപ്പെടും. പിന്നീട് ആ നമ്പറിൽ വാട്സ്ആപ്പ് ആരംഭിക്കാനും സാധിക്കില്ല.

Read More:‘സൗഹൃദത്തിന്റെ 36 വർഷങ്ങൾ, എന്റെ 55 സിനിമകളിലെ നായകൻ’- മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശോഭന

ഒരാളുടെ തമാശയോ ഒരാളുടെ അശ്രദ്ധയോ മതി ഇത്തരത്തിൽ ഒട്ടേറെ പേരുടെ അക്കൗണ്ട് നഷ്ടമാകാൻ. രണ്ടുപേരാണ് ഇത്തരത്തിൽ അക്കൗണ്ട് നഷ്ടമായതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ അപരിചിതർ ഉൾപ്പെട്ട ഗ്രൂപ്പുകളിൽ അംഗമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പ്രകോപിപ്പിക്കുന്ന തരത്തിൽ ഗ്രൂപ്പിന് പേര് നൽകാൻ ശ്രമിക്കാതിരിക്കുക.