‘ഉയരെ’ തന്നെയാണോ ‘ഛപാക്’?- ദീപിക പദുകോൺ വ്യക്തമാക്കുന്നു

December 27, 2019

ആസിഡ് ആക്രമണങ്ങൾ ചർച്ചചെയ്യപ്പെടുന്ന കാലമാണ് സിനിമയിലിന്ന്. ‘ഉയരെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയും ‘ഛപാക്’ എന്ന സിനിമയിലൂടെ ബോളിവുഡും ഈ വിഷയം വെള്ളിത്തിരയിലെത്തിക്കുകയാണ്. കാമുകന്റെ ഈഗോയ്ക്ക് മുന്നിൽ ആസിഡ് ആക്രമണം നേരിടേണ്ടി വന്ന പല്ലവിയായി പാർവതി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഇനി ഒരു ജീവിതകഥ തന്നെയാണ് ദീപിക പദുകോണിലൂടെ ‘ഛപാക്’ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഈ രണ്ടു സിനിമയും ഒന്നാണോ എന്ന ചോദ്യമാണ് ഇപ്പോൾ ദീപിക നേരിടുന്നത്. അതിനുള്ള മറുപടി നടി പറയുന്നു.

ആളുകൾ വ്യത്യസ്തമായ രീതിയിലായിരിക്കും ഓരോ കഥയും പറയുന്നത് എന്നാണ് ദീപികയുടെ അഭിപ്രായം. ‘ഇനിയും ആർക്കു വേണമെങ്കിലും ലക്ഷ്മിയെ കുറിച്ചോ ആസിഡ് ആക്രമണത്തെ കുറിച്ചോ സിനിമയെടുക്കാവുന്നതാണ്. ഓരോ സിനിമയ്ക്കും അതിന്റെതായ ഗുണമുണ്ടാകും. അതൊരു നല്ല കാര്യമായാണ് എനിക്ക് തോന്നുന്നത്.

സിനിമ ശക്തമായൊരു മാധ്യമമാണെന്നും ദീപിക വ്യക്തമാക്കുന്നു. ‘ശക്തമായൊരു മാധ്യമമായത് കൊണ്ടാണ് എല്ലാവരും ഈ കഥകളൊക്കെ പറയാൻ സിനിമ തിരഞ്ഞെടുക്കുന്നത്. ആസിഡ് ആക്രമണങ്ങൾ ഇവിടെ സംഭവിക്കാറുണ്ട്. പീഡനം പോലെ ഇതൊരു സംസാര വിഷയമാകുന്നില്ല എന്നതുകൊണ്ടാണ്. കഴിഞ്ഞ വർഷം ശബാന ആസ്മി ഒരു ചിത്രം ഈ പ്രമേയത്തിൽ ചെയ്‌തിരുന്നു. ഒന്നോ രണ്ടോ മാത്രമേ സംഭവിക്കുന്നുള്ളു.’ ദീപിക പറയുന്നു.

Read More:ചിരിവിരുന്നുമായി ‘ധമാക്ക’ ട്രെയ്‌ലര്‍

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിത കഥയാണ് ‘ഛപാക്’ പറയുന്നത്. ലക്ഷ്മിയുമായി ദീപികയ്ക്കുള്ള സാമ്യം ഫസ്റ്റ് ലുക്ക് വന്നതിനു ശേഷം ചർച്ചയായിരുന്നു. ജനുവരി 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്.