ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയക്ക് ലോക കിരീടം; നിരാശപ്പെടുത്തി ഇന്ത്യൻ ബാറ്റിംഗ് നിര

March 8, 2020

ഇന്ത്യയെ മലർത്തിയടിച്ച് അഞ്ചാം തവണയും ലോകകിരീടം ഉയർത്തി ഓസ്‌ട്രേലിയ. നിലവിൽ ചാംപ്യൻമാരായ ഓസിസ് ടീം ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യക്ക് സാധിച്ചില്ല. 99 റൺസിനാണ് ഇന്ത്യ പുറത്തായത്. വനിതാദിനത്തിൽ വലിയ പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം കിരീട നേട്ടത്തിനായി പോരാടിയത്.

പക്ഷെ തോൽവിയിലും തല ഉയർത്തി ഇന്ത്യൻ താരങ്ങൾ. 33 റൺസെടുത്ത ദീപ്‌തി ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. പക്ഷെ പ്രതീക്ഷിച്ച പ്രകടനം ഓപ്പണറായ ഷഫാലി വർമയ്ക്കും കാഴ്ചവയ്ക്കാൻ സാധിച്ചില്ല. ടീം സ്‌കോർ രണ്ടിൽ നിൽക്കുമ്പോൾ തന്നെ ഷഫാലി പുറത്തായി.

അതേസമയം ഓസ്‌ട്രേലിയൻ ടീമിന്റെ ഭാഗത്ത് നിന്നും മികച്ച പ്രകടനം തന്നെയാണ് കാണാൻ സാധിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയൻ നായിക മെഗ് ലാന്നിന്റെ തീരുമാനം ശരിയാണെന്നു വ്യക്തമാക്കിയ പ്രകടനമാണ് ഓസിസ് ടീം കാഴ്ചവച്ചത്.

മുൻപും മെൽബൺ സ്റ്റേഡിയത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്തവർ വിജയം കൊയ്ത ചരിത്രമാണുള്ളത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസെന്ന സ്കോറിലെത്തിയത്.