കവിതകളിലൂടെ ചൈതന്യം നിറച്ച ഓ എൻ വി കുറുപ്പ്- പ്രിയകവിക്ക് 90ാം ജന്മദിനം

May 27, 2020

വരികളിലൂടെ കാലങ്ങൾക്ക് മുൻപേ സഞ്ചരിച്ച മലയാളത്തിന്റെ പ്രിയ കവി ഓ എൻ വി കുറുപ്പിന് ഇന്ന് സ്മൃതികളിൽ തൊണ്ണൂറാം ജന്മദിനം. മൺമറഞ്ഞിട്ട് നാലുവർഷം പിന്നിടുമ്പോഴും ഓർമകളിൽ വെളിച്ചം പരത്തി കവിതകളിലൂടെ നിലനിൽക്കുകയാണ് അദ്ദേഹം. തൊണ്ണൂറാം ജന്മദിനത്തിലും, ജ്ഞാനപീഠ പുരസ്‌കാരം ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞു വാക്കുകൾ പ്രസക്തമാണ്. ‘ഒരു ദിവസം ഭൂമിയെന്ന ഈ വാടകവീട് ഒഴിഞ്ഞു പോകുമ്പോൾ എന്റെ ഏറ്റവും ചൈതന്യവത്തായ ഒരംശം ഞാൻ ഇവിടെ ഉപേക്ഷിച്ച് പോകും. അതാണെന്റെ കവിത’. അതെ, കവിതകളിലൂടെ ചൈതന്യം നിറച്ച് ഓ എൻ വി സാഹിത്യലോകത്ത് നിറഞ്ഞു നിൽക്കുകയാണ്.

ഭാവ സൗന്ദര്യം വാരിവിതറി മലയാളത്തെ ആറു പതിറ്റാണ്ടുകാലം പരിപോഷിപ്പിച്ച ഓ എൻ വി കുറുപ്പ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും തന്റെ കവിതയുടെ ഭാഗമാക്കി. 1931 മെയ് 27നാണു അദ്ദേഹം ജനിച്ചത്. പതിനഞ്ചാം വയസിലാണ് തന്റെ ഉള്ളിലെ കവിഭാവനയെ ഓ എൻ വി കുറുപ്പ് പ്രതുകൊണ്ടുവരുന്നത്. പിന്നീടാങ്ങോട്ട് സാഹിത്യസൃഷ്ടികളിലൂടെ മലയാള കവിതാ രംഗത്ത് നിറസാന്നിധ്യമായി അദ്ദേഹം.

ഉപ്പ്, ഭൂമിക്കൊരു ചരമഗീതം തുടങ്ങി നാല്പതിലധികം കവിതകൾ, ഒട്ടേറെ നാടക ഗാനങ്ങൾ, മലയാളികളുടെ മനസ് കവർന്ന സിനിമ ഗാനങ്ങൾ.. ഓ എൻ വിയുടെ തൂലിക സകല മേഖലകളിലും കയ്യൊപ്പു പതിപ്പിച്ചിരുന്നു. ആ മഹാപ്രതിഭയെ രാജ്യം ആദരിച്ചത് പത്മശ്രീയും, പത്മവിഭൂഷണും പരമോന്നത പുരസ്‌കാരമായ ജ്ഞാനപീഠവും സമ്മാനിച്ചാണ്. അതിനു പുറമെ കേന്ദ്ര, കേരളം സർക്കാരുകളുടെ ആദരവും.

Read More:ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക്; നടി ഭാവന ഹോം ക്വാറന്റീനിൽ

2016 ഫെബ്രുവരി 13ന് മഹത്തായ കാവ്യജീവിതത്തിന് തിരശീല വീണെങ്കിലും അദ്ദേഹം ജീവിക്കുകയാണ്, ഓരോ കവിഹൃദയങ്ങളിലും ആസ്വാദകനിലും. അദ്ദേത്തിന്റെ വാക്കുകൾ അന്വർത്ഥമാകുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ആ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് തൊണ്ണൂറാം ജന്മദിനവും കടന്നു പോകുന്നു.

Story highlights-90th birthday of o n v kurup