വ്യാജ സന്ദേശങ്ങളുടെ പ്രചാരകര്‍ ആകരുത്; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

June 29, 2020
How to Spot Real and Fake News

എന്തിനും ഏതിനും വ്യാജന്മാര്‍ ഇറങ്ങുന്ന കാലമാണിത്. ‘ഇതിലേതാ ഒര്‍ജിനല്‍’ എന്ന് തലപുകഞ്ഞ് ആലോചിക്കേണ്ടുന്ന കാലം. ദിനംപ്രതി നമുക്ക് മുന്നിലേക്കെത്തുന്ന വാര്‍ത്തകളിലുമുണ്ട് വ്യാജന്മാര്‍ ഏറെ. വാര്‍ത്തകളുടെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്ന് മനസിലാക്കാതെ അത്തരം വാര്‍ത്തകള്‍ മറ്റ് പലരിലേക്കും പങ്കുവയ്ക്കുന്നവരാണ് നമ്മളില്‍ പലരും.

കഴിഞ്ഞ ദിവസം പാട്ടിന്റെ മഹാവിസ്മയം ജാനകിയമ്മയേയും ഇത്തരത്തില്‍ വ്യാജ സന്ദേശത്തില്‍ ഉള്‍പ്പെടുത്തി. ജാനകിയമ്മ മരിച്ചു എന്ന തരത്തില്‍ വ്യാജ പ്രചരണങ്ങളും ചര്‍ച്ചകളും സജീവമായിരുന്നു സമൂഹമാധ്യമങ്ങളില്‍. ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അടക്കം നിരവധി പേരാണ് ഈ വ്യാജ സന്ദേശത്തിന് എതിരേ ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എന്നാല്‍ ജാനകിയമ്മയുടേത് വെറുമൊരു ഒറ്റപ്പെട്ട ഉദാഹരണമല്ല.

‘ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം രാവിലെ ഫോണ്‍ തുറന്നപ്പോള്‍ ആദ്യം കണ്ട സന്ദേശം സീരിയല്‍ താരം അനു ജോസഫ് വാഹനാപകടത്തില്‍ മരണപ്പെട്ടു എന്നാണ്. നാട്ടുകാരികൂടിയായ താരത്തിന്റെ മരണവാര്‍ത്തയില്‍ ഞാനും ഞെട്ടി. തെട്ടുപിന്നാലെ സത്യാവസ്ഥ തിരിച്ചറിഞ്ഞു, അത് വെറും ഒരു വ്യാജ സന്ദേശമാണെന്ന സത്യം’. ‘പയറുപോലെ’ ജീവിച്ചിരിക്കുന്നവരെ എത്രയോ നിസാരമായാണ് ഇത്തരം വ്യാജ സന്ദേശങ്ങള്‍ കൊന്നൊടുക്കുന്നത്.

നിരവധി താരങ്ങളെ ഇങ്ങനെ നിര്‍ഭയം കൊന്നൊടുക്കിയിട്ടുണ്ട് വ്യാജ സന്ദേശങ്ങള്‍. സത്യാവസ്ഥ തിരിച്ചറിയാതെ ഇത്തരം സന്ദേശങ്ങള്‍ നാം പങ്കുവയ്ക്കുമ്പോള്‍ സമൂഹത്തോട് ചെയ്യുന്ന വലിയ ഒരു അപരാധമായി തന്നെ വേണം ഇതിനെ കരുതാന്‍. വ്യാജ സന്ദേശങ്ങളേയും വാര്‍ത്തകളേയുമൊക്കെ എങ്ങനെ തിരച്ചറിയാം എന്നത് പലരേയും അലട്ടുന്ന ഒരു ചോദ്യമാണ്. എന്നാല്‍ അല്‍പമെന്നു ശ്രദ്ധിച്ചാല്‍ വ്യാജന്മാരെ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.

വ്യാജ വാര്‍ത്തകളെ തിരിച്ചറിയാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

തലക്കെട്ടുകള്‍
വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്കിലുമൊക്കെ പങ്കുവെയ്ക്കപ്പെടുന്ന വാര്‍ത്തകളുടെ തലക്കെട്ടിന്റെ കാര്യത്തില്‍ ഒരല്പം ശ്രദ്ധ കൂടുതല്‍ നല്‍കണം. പെട്ടെന്ന് ആകര്‍ഷിക്കുന്ന തരത്തിലുള്ള തലക്കെട്ടുകളില്‍ കൂടുതലും വ്യാജമാകാനാണ് സാധ്യത.

ലിങ്കുകള്‍
നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകളുടെ ലിങ്കുകളും ശ്രദ്ധിക്കണം. മഴക്കാലത്ത് കൂണ് മുളച്ചുപൊന്തുന്നതുപോലെയാണ് ഇക്കാലത്ത് വാര്‍ത്താ വെബ്‌സൈറ്റുകളും മുളച്ചുപൊന്തുന്നത്. എന്നാല്‍ കൃത്യതയോടെ, സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കുന്ന സൈറ്റുകള്‍ ചിലത് മാത്രമാണ്. ശരിയായ വെബ്‌സൈറ്റുകളുടെ പേരില്‍ നിന്നും നേരിയ വ്യത്യാസം വരുത്തിയുട്ടുള്ള നിരവധി വെബ്‌സൈറ്റുകളുമുണ്ട് ഇക്കാലത്ത്. ജനങ്ങളെ വളരെ വേഗം തെറ്റിദ്ധരിപ്പിക്കാന്‍ ഇത്തരം വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന തെറ്റായ വാര്‍ത്തകള്‍ക്ക് സാധിക്കും.

വാര്‍ത്തയുടെ ഉറവിടം
നമുക്ക് മുന്നിലേക്കെത്തുന്ന വാര്‍ത്തയുടെ അല്ലെങ്കില്‍ സന്ദേശത്തിന്റെ ഉറവിടം ഏതാണെന്ന് കൃത്യമായി തിരിച്ചറിയണം. പരിചിതമല്ലാത്ത, കേട്ടറിവ് പോലും ഇല്ലാത്ത വെബ്‌സൈറ്റുകളെ വാര്‍ത്തകള്‍ക്കായി കൂടുതല്‍ ആശ്രയിക്കാതിരിക്കുന്നതാണ് നല്ലത്.

മറ്റ് മാധ്യമങ്ങളെ ആശ്രയിക്കുക
വ്യാജ വാര്‍ത്തകളെ തിരിച്ചറിയാന്‍ സാധിക്കുന്ന മറ്റൊരു മാര്‍ഗമാണ് മറ്റ് മാധ്യമങ്ങളെ ആശ്രയിക്കുക എന്നത്. ഒരു വാര്‍ത്ത ലഭിക്കുമ്പോള്‍ അതേ വാര്‍ത്ത മറ്റ് മാധ്യമങ്ങളിലും വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഇതേ വാര്‍ത്ത നല്ല രീതിയില്‍ പ്രചാരത്തിലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നും വിലയിരുത്തണം.

Story highlights: How to Spot Real and Fake News