എട്ടു വർഷത്തിന് ശേഷം ഗ്രാമത്തിൽ കുഞ്ഞു പിറന്നു- സന്തോഷം പങ്കുവെച്ച് കുഞ്ഞൻ ഗ്രാമം

July 23, 2020

ഈ കൊവിഡ് കാല ദുരിതത്തിനിടയിലും ഒട്ടേറെ സന്തോഷങ്ങൾ നിറഞ്ഞ നിമിഷങ്ങളും എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുന്നുണ്ട്. അങ്ങനെയൊരു സന്തോഷത്തിലാണ് ഇറ്റലിയിലെ മോർട്ടറോൺ ഗ്രാമം. കൊറോണ കാലത്ത് ഈ ഗ്രാമത്തിൽ ഒരു കുഞ്ഞു പിറന്നതാണ് ഗ്രാമവാസികളുടെ സന്തോഷത്തിന് കാരണം. ഒരു കുഞ്ഞു പിറന്നതിൽ ഇത്രയധികം സന്തോഷിക്കാനെന്താണ് എണ്ണവും നിങ്ങൾ ചിന്തിക്കുന്നത്, അല്ലെ?

ആ സന്തോഷത്തിന്റെ കാരണമെന്തെന്നാൽ അവിടെ എട്ടു വർഷങ്ങൾക്ക് ശേഷമാണ് ഒരു കുഞ്ഞു ജനിക്കുന്നത്. അംഗസംഖ്യ കൂടിയതിന്റെ സന്തോഷമാണ് ഗ്രാമവാസികൾ പങ്കുവയ്ക്കുന്നത്. രസകരമായ കാര്യമെന്തെന്നാൽ ജനിച്ച കുഞ്ഞിനേയും കൂടി ചേർത്ത് 29 പേർ മാത്രമാണ് മോർട്ടറോൺ ഗ്രാമത്തിലുള്ളത്.

ഇറ്റലിയിലെ ഏറ്റവും ചെറിയ ഗ്രാമമെന്ന് തന്നെ മോർട്ടറോണിനെ വിശേഷിപ്പിക്കാം. ലെക്കോയിലെ അലെസാൻഡ്രോ മൻസോണി ആശുപത്രിയിലാണ് ഗ്രാമവാസികളുടെ കാത്തിരിപ്പിനു വിരാമമിട്ട് കുഞ്ഞു പിറന്നത്. മാറ്റെ, സാറാ ദമ്പതികൾക്ക് പിറന്ന കുഞ്ഞിന് ഡെന്നിസ് എന്നാണ് പേരിട്ടിരിക്കുന്നത്.

ഗ്രാമത്തിലെ വിവരങ്ങൾ പങ്കുവയ്ക്കുന്ന കമ്മ്യൂണിറ്റി ഫേസ്ബുക്ക് പേജിലാണ് കുഞ്ഞിന്റെ ജനനവാർത്ത പങ്കുവെച്ചത്. മോർട്ടറോണിലെ ജനസംഖ്യയിൽ കുഞ്ഞിന്റെ ജനനത്തോടെ ചെറിയ മാറ്റം വരുത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നാണ് കുഞ്ഞിന്റെ അമ്മയുടെ പ്രതികരണം.

ഇറ്റലിയിലെ പരമ്പരാഗത ആചാരങ്ങളനുസരിച്ച് കുഞ്ഞ് ജനിച്ചതിനു ശേഷം വീടിനു പുറത്ത് റിബ്ബൺ കെട്ടിയാണ് സന്തോഷവാർത്ത പങ്കുവയ്ക്കുന്നത്. ആൺകുട്ടിയെങ്കിൽ നീലയും പെൺകുട്ടിയെങ്കിൽ പിങ്കും നിറങ്ങളിലുള്ള റിബ്ബനാണ് കെട്ടുന്നത്.

അതേസമയം, ഇറ്റലിയിൽ കൊവിഡ് രൂക്ഷമായിരുന്നെങ്കിലും മോർട്ടറോണിൽ ബാധിച്ചതേയില്ല. ഗ്രാമത്തിനുള്ളിൽ തന്നെ എല്ലാവരും കഴിഞ്ഞതുകൊണ്ട് രോഗബാധ ഒഴിവാക്കാൻ സാധിച്ചു.

Story highlights-italian village celebrates first birth after eight years