വിദേശത്ത് ഷൂട്ടിങ്ങിനെത്തിയ ആമിർ ഖാനെ ആവേശത്തിൽ എടുത്തുയർത്തി ആരാധിക- രസകരമായ വീഡിയോ

August 12, 2020

കഥാപാത്രങ്ങളോടുള്ള സമർപ്പണം കൊണ്ട് ലോക ശ്രദ്ധ നേടിയ താരമാണ് ആമിർ ഖാൻ. ഏതുവേഷത്തിലേക്കും കഠിനാധ്വാനത്തിലൂടെ പൂർണത വരുത്തുന്ന ആമിർ ഖാൻ ലോക്ക് ഡൗണിന് ശേഷം ലാൽ സിംഗ് ചദ്ധയുടെ ചിത്രീകരണത്തിനായി ടർക്കിയിലേക്ക് പോയിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ആമിർ ഖാനെ ടർക്കിയിൽവെച്ച് കണ്ട ആരാധിക എടുത്തുയർത്തുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

‘ലാൽ സിംഗ് ചദ്ധ’യുടെ ഏതാനും രംഗങ്ങൾ കൂടിയാണ് ചിത്രീകരിക്കാനായുള്ളത്. ടർക്കിയിലെത്തിയ താരത്തെ കണ്ടതോടെ സാമൂഹിക അകലമൊക്കെ മറന്ന് ആളുകൾ ഫോട്ടോയെടുക്കാനും സംസാരിക്കാനും തിരക്കുകൂട്ടി. ആരാധകർക്കൊപ്പംഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിൽ പിന്നിൽ നിന്നുമെത്തിയ ആരാധിക എടുത്തുയർത്തുകയായിരുന്നു. ഒരു നിമിഷത്തേക്ക് അമ്പരന്നു പോയ ആമിർ ഖാനെ വീഡിയോയിൽ കാണാം.

 ടോം ഹാങ്ക്സിന്റെ ‘ഫോറസ്റ്റ് ഗംപ്’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ‘ലാൽ സിംഗ് ചദ്ധ’. 1994ൽ റിലീസ് ചെയ്ത ചിത്രം വമ്പൻ ഹിറ്റായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്.  2021 ഡിസംബർ 25നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മുൻപ്, 2020 ഡിസംബർ 25നായിരുന്നു റീലിസ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ കൊവിഡ് സാഹചര്യം കാരണം ചിത്രീകരണം നീളുകയും പറഞ്ഞ സമയത്ത് റിലീസ് സാധ്യമല്ലാത്ത അവസ്ഥയുണ്ടാകുകയും ചെയ്യുകയായിരുന്നു.

Read More: മഹാമാരിക്കെതിരെ പ്രതിരോധ സന്ദേശവുമായി താരങ്ങൾ- ശബരീഷ് വർമ്മയുടെ ‘ലോകം’ ടീസർ എത്തി

ചിത്രത്തിനായി 20 കിലോയോളം ഭാരം ആമിർ ഖാൻ കുറച്ചിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യ അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രതിസന്ധികളും സംഭവങ്ങളും സിനിമയിൽ പരാമർശിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആമിർഖാൻ പ്രൊഡക്ഷൻസും വയാകോം 18 മോഷൻ പിക്ചേഴ്സും ചേർന്നാണ് ‘ലാൽ സിംഗ് ചദ്ധ’ ഒരുക്കുന്നത്.