ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ നാളെ രജിസ്റ്റർ ചെയ്യും; വാക്സിന്റെ പ്രവർത്തന രീതി ഇങ്ങനെ

August 11, 2020

ലോകത്തെ ആദ്യ കൊവിഡ്-19 വാക്‌സിൻ നാളെ രജിസ്റ്റർ ചെയ്യാനൊരുങ്ങുകയാണ് റഷ്യ. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ ജനങ്ങളെയും കൊവിഡിനെതിരെ വാക്സിനേറ്റ് ചെയ്യാനാണ് തീരുമാനം. ഇതിനു മുന്നോടിയായി വാക്സിന്റെ പ്രവർത്തന രീതി ഗവേഷണം നടത്തിയ ലാബിലെ മുതിർന്ന ഉദ്യോഗസ്ഥർ പുറത്തുവിട്ടിരുന്നു.

അഡിനോവൈറസ് ആസ്പദമാക്കി നിര്‍മിച്ച നിര്‍ജീവ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് വാക്സിൻ തയ്യാറാക്കിയിട്ടുള്ളത്. വാക്സിൻ മനുഷ്യര്‍ക്ക് ദോഷകരമാകാൻ സാധ്യതയില്ലെന്നും ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടര്‍ അലക്സാണ്ടര്‍ ഗിൻ്റസ്ബര്‍ഗ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വാക്സിൻ വഴി ശരീരത്തിലെ പ്രതിരോധശേഷി പെട്ടെന്നു വർധിക്കാൻ സാധ്യതയുണ്ടെന്നും ഇതിന്റെ ഭാഗമായി ചിലരിൽ പനി ഉണ്ടാകുമെന്നും ഗവേഷകർ പറയുന്നു. എന്നാൽ പരാസിറ്റാമോൾ മാത്രം ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന പനിയാണിതെന്നും അവർ വ്യക്തമാക്കുന്നു. വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയരായവരുടെ അവസാനവട്ട പരിശോധന കഴിഞ്ഞ ദിവസം നടന്നിരുന്നു. വാക്‌സിന് പാർശ്വഫലങ്ങൾ ഇല്ലെന്നും, ഫലപ്രദമാണെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

അതേസമയം, ലോകാരോഗ്യ സംഘടന അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ റഷ്യയുടെ വാക്‌സിനെതിരെ രംഗത്ത് വന്നിരുന്നു. വാക്സിൻ പരീക്ഷണം സുതാര്യമല്ലെന്നാണ് ആരോപണം. മാത്രമല്ല, അതിസങ്കീർണമായ ഫേസ് 3 പരീക്ഷണ ഘട്ടത്തിലെത്തി ആറു വാക്സിനുകളിൽ റഷ്യയുടെ വാക്സിൻ ഇടം നേടിയിട്ടില്ല.

Read More: ‘ഹെലൻ’ എത്ര വിളിച്ചിട്ടും ആ വാതിൽ തുറക്കാത്തതിന്റെ പിന്നിലെ കറുത്ത കരങ്ങൾ ഇതാണ്’- രസകരമായ ചിത്രം പങ്കുവെച്ച് സംവിധായകൻ

എന്നാൽ, വാക്സിൻ രജിസ്റ്റർ ചെയ്തതിന് ശേഷം ആദ്യം ആരോഗ്യപ്രവർത്തകരിലേക്ക് എത്തിക്കാനുള്ള തീരുമാനത്തിലാണ് റഷ്യൻ ആരോഗ്യ മന്ത്രാലയം. പിന്നീട് വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉൽപാദനം ആരംഭിക്കുകയും റഷ്യൻ ജനതയിലേക്ക് എത്തിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Story highlights-World’s first covid vaccine