‘സൂരരൈ പോട്രി’ന് പിന്നാലെ പുതിയ ചിത്രവുമായി സുധ കൊങ്ങര; നായകനായി അജിത്

September 9, 2020

സൂര്യയെ നായകനാക്കി സുധ കൊങ്ങര സംവിധാനം ചെയ്ത ‘സൂരരൈ പോട്ര്’ ഓൺലൈൻ റിലീസിന് തയ്യാറെടുക്കുകയാണ്. സൂര്യയുടെ നായികയായി അപർണ ബാലമുരളി എത്തുന്ന ചിത്രം വളരെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ അടുത്ത ചിത്രത്തിന്റെ ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് സുധ കൊങ്ങര.

വിജയ്‌യെ നായകനാക്കി സുധ കൊങ്ങര ഒരുക്കുന്ന സിനിമയെ കുറിച്ച് വളരെ മുൻപ് തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ സുധ കൊങ്ങരയുടെ ചിത്രത്തിൽ അജിത്താണ് നായകനായി എത്തുന്നതെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിജയ്‌യുടെ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം ബിഗിൽ നിർമിച്ച എജിഎസ് എന്റർടൈൻമെന്റ് ആണ് സുധ കൊങ്ങര അജിത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രവും നിർമിക്കുന്നത്. സൂരരൈ പോട്ര് എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയ ജി വി പ്രകാശ് തന്നെയാണ് അജിത് നായകനാകുന്ന ചിത്രത്തിനും സംഗീതം പകരുന്നത്.

എന്നാൽ വിജയ്‌യെ നായകനായി തീരുമാനിച്ച ചിത്രം തന്നെയാണോ അതോ പുതിയ പ്രോജക്ടിനാണോ അജിത്തിനെ സുധ കൊങ്ങര സമീപിച്ചതെന്നതിൽ വ്യക്തമല്ല. സംവിധായകൻ എച്ച്. വിനോദ് ഒരുക്കുന്ന ‘വലിമൈ’ എന്ന ചിത്രത്തിന് ശേഷം സുധ കൊങ്ങരയുമായി കൈകോർക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്. അജിത്തിന്റെ 61മത്തെ ചിത്രം സുധ കൊങ്ങരയുടെ ഒപ്പമാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.

അതേസമയം, ഒക്ടോബര്‍ 30 ന് ആമസോണ്‍ പ്രൈം വഴി ‘സൂരരൈ പോട്ര്’ പ്രേക്ഷകരിലേക്കെത്താൻ ഒരുങ്ങുകയാണ്. ഇത് സൂര്യയുടെ 38- മത്തെ സിനിമയാണ്. 2ഡി എന്റര്‍ടൈന്‍മെന്റ്സിന്റെയും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ഗുനീത് മോംഘയാണ് ചിത്രം നിര്‍മിക്കുന്നത്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിമാനക്കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ മുഖ്യപ്രമേയം. സൂര്യയ്ക്കും അപർണയ്ക്കും ഒപ്പം മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

Story highlights- ajith’s next with sudha kongara