‘അത്രംഗി രേ’ ഷൂട്ടിംഗ് ഉടൻ പുനഃരാരംഭിക്കും; അക്ഷയ് കുമാറിനും സാറയ്ക്കുമൊപ്പം ചേരാൻ തയ്യാറെടുത്ത് ധനുഷ്

September 8, 2020

ധനുഷ് നായകനാകുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ‘അത്രംഗി രേ’. അക്ഷയ് കുമാർ, സാറ അലി ഖാൻ എന്നിവർക്കൊപ്പം ‘അത്രംഗി രേ’യുടെ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് ലോക്ക് ഡൗൺ പ്രതിസന്ധി സൃഷ്ടിച്ചത്. ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗിന് അനുമതി ലഭിച്ചതോടെ ‘അത്രംഗി രേ’ ചിത്രീകരണം പുനഃരാരംഭിക്കാൻ ഒരുങ്ങുകയാണ്. ഷൂട്ടിംഗിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ധനുഷും.

ധനുഷിന്റെ ആദ്യ ബോളിവുഡ് ചിത്രമായിരുന്ന ‘രാഞ്ജന’യുടെ സംവിധായകൻ ആനന്ദ് എൽ ആണ് ‘അത്രംഗി രേ’യും സംവിധാനം ചെയ്യുന്നത്. ഒരു ത്രികോണ പ്രണയകഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഒക്ടോബർ ആദ്യത്തോടെയാണ് ചിത്രീകരണം ആരംഭിക്കാൻ മുൻപ് തീരുമാനിച്ചിരുന്നതെങ്കിലും സെപ്റ്റംബർ അവസാനത്തോടെ ‘അത്രംഗി രേ’ അണിയറ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏഴ് വർഷത്തിന് ശേഷം ധനുഷ് സംവിധായകൻ ആനന്ദ് എൽ റായിയുമായി ഒന്നിക്കുന്ന ചിത്രമാണ് ‘അത്രംഗി രേ’. അതേസമയം, ‘ബെൽ ബോട്ടം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് അക്ഷയ് കുമാർ. ലണ്ടനിലെ ഷെഡ്യൂൾ പൂർത്തിയാക്കി അക്ഷയ് കുമാർ എത്തിയാലുടൻ ‘അത്രംഗി രേ’ ചിത്രീകരണം ആരംഭിക്കും.

Read More: ദീപിക പദുക്കോണിന്റെ ‘ചെന്നൈ എക്സ്പ്രസ്സ്’ ലുക്ക് പരീക്ഷിച്ച് സാനിയ ഇയ്യപ്പൻ- മനംകവരും ചിത്രങ്ങൾ

മധുരയിലാണ് അക്ഷയ് കുമാറും ധനുഷും ഒന്നിച്ചുള്ള ആദ്യ ഷെഡ്യുൾ ചിത്രീകരിക്കുന്നത്. എല്ലാ സുരക്ഷാ നടപടികളും പാലിച്ച് മധുര, ഡൽഹി, മുംബൈ എന്നിവടങ്ങളിലായി ചിത്രീകരണം തുടരാനാണ് ടീം പദ്ധതിയിട്ടിരിക്കുന്നത്.ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ആവേശത്തിലാണ് അണിയറപ്രവർത്തകരും അഭിനേതാക്കളും. ഹിമാൻഷു ശർമയാണ് ‘അത്രംഗി രേ’യുടെ രചന നിർവഹിക്കുന്നത്. എ ആർ റഹ്മാൻ സംഗീതം പകരുന്നു. 2021ലെ പ്രണയ ദിനത്തിൽ ചിത്രം റിലീസ് ചെയ്യാമെന്നാണ് ‘അത്രംഗി രേ’ ടീം പ്രതീക്ഷിക്കുന്നത്.

Story highlights- Dhanush to resume shooting for Atrangi Re soon