മലയാളം സിനിമയ്ക്ക് സംഗീതം ഒരുക്കാൻ ഹോളിവുഡിൽ നിന്നും ഇവാൻസ് എത്തുന്നു; ഹൊറർ ചിത്രം ഉടൻ

September 30, 2020

മലയാളം ചിത്രത്തിന് സംഗീതം ഒരുക്കാൻ ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസ് എത്തുന്നു. പുതുമുഖ താരങ്ങളായ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് പ്രശസ്ത ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.’വഴിയെ’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

തരിയോട് എന്ന ഡോക്യൂമെന്ററിയ്ക്ക് ശേഷം നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വഴിയെ. കാസര്‍ഗോഡ് ജില്ലയിലെ നിഗൂഢ വഴികളും കരിമ്പാറക്കെട്ടുകളുമൊക്കെ ഉൾപ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നത്. കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. അതേസമയം ഫൗണ്ട് ഫൂട്ടേജ് സംവിധാനം ഉപയോഗപ്പെടുത്തി മലയാളത്തില്‍ ആദ്യമായി ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും വഴിയെ എന്ന സിനിമയ്ക്കുണ്ട്. നിഗൂഢമായ ഒരു പ്രദേശത്തെക്കുറിച്ച് ഡോക്യുമെന്ററി തയാറാക്കാനെത്തുന്ന രണ്ട് പേരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. 

Read also:നീളൻ മുടിയും ചേറിൽ പുതഞ്ഞ ശരീരവും; ടൊവിനോ തോമസിന്റെ പുതിയ ലുക്കിന് പിന്നിൽ

അതേസമയം ഹൊബോക്കന്‍ ഹോളോ, ജാക്ക് റയോ, നെവര്‍ സറണ്ടര്‍, ഗെയിം ഓഫ് അസാസിന്‍സ് തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധാനത്തിലൂടെ ശ്രദ്ധേയനായ ഇവാന്‍സ് ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. നിരവധി തവണ ഗ്രാമി പുരസ്‌കാരം നേടിയ ബില്‍ ഇവാന്‍സിന്റെ മകനാണ് ഇവാന്‍ ഇവന്‍സ്. അതുകൊണ്ടുതന്നെ വാനോളം പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.

Story Highlights: hollywood composer evan evans works for malayalam film