മഞ്ജു വാര്യരുടെ 50-ആം ചിത്രം ‘9 എംഎം’ വരുന്നു; രചന ധ്യാൻ ശ്രീനിവാസൻ

മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരുടെ 50 ആം ചിത്രം ഒരുങ്ങുന്നു. നവാഗതനായ ദിനിൽ ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ധ്യാൻ ശ്രീനിവാസനാണ്. ‘9 എംഎം’ എന്നാണ് ചിത്രത്തിന്റെ പേര്. മഞ്ജു വാര്യർക്ക് പുറമെ സണ്ണി വെയ്ൻ ദിലീഷ് പോത്തൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് നിര്‍മ്മാണം. സഹനിർമാണം ടിനു തോമസ്.

അതേസമയം മഞ്ജു വാര്യരും സണ്ണി വെയ്‌നും ഒന്നിക്കുന്ന മറ്റൊരു ചിത്രമാണ് ‘ചതുർ മുഖം.’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗത സംവിധായകരായ സലില്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ജിസ് ടോംസ് ആണ് നിര്‍മാണം. ഹൊറര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. 

Read also:കൊടുംവെയിലില്‍ കുടചൂടി കച്ചവടം; ഒടുവില്‍ അപ്പൂപ്പന് സ്‌നേഹത്തണലൊരുങ്ങി

മഞ്ജു വാര്യരുടെതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കയറ്റം. സനൽ കുമാർ ശശിധരൻ ഒരുക്കിയ ചിത്രം നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ റിലീസ് ചെയ്ത് പ്രശംസ നേടിക്കഴിഞ്ഞു. അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രക്കിംഗ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതേസമയം മധു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. ചിത്രത്തില്‍ ബിജു മേനോനും മഞ്ജു വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. പ്രമോദ് മോഹന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ‘ദി പ്രീസ്റ്റ്’, ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’, ‘ജാക്ക് ആൻഡ് ജിൽ’, ‘വെള്ളരിക്ക പട്ടണം’ തുടങ്ങിയ ചിത്രങ്ങളും മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Story Highlights: announced manju warriers 50th film 9-mm