‘നിന്നെ വല്ലാതെ മിസ് ചെയ്തു’- ലോക്ക് ഡൗണിന് ശേഷമുള്ള ഒരു വൈകാരിക കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് ധനുഷ്

October 12, 2020

കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിക്ക് ശേഷം ധനുഷ് ചിത്രീകരണ തിരക്കിലേക്ക് ചേക്കേറി. ആനന്ദ് എൽ റായ് ഒരുക്കുന്ന ബോളിവുഡ് ചിത്രം ‘അത്രംഗി രേ’ മധുരയിൽ ഷൂട്ടിംഗ് പുനഃരാരംഭിച്ചിരിക്കുകയാണ്. ഷൂട്ടിംഗിനിടയിൽ നിന്നുള്ള ഒരു വൈകാരിക ചിത്രം പങ്കുവയ്ക്കുകയാണ് ധനുഷ്. ഷൂട്ടിംഗ് ദിനങ്ങളിലേക്ക് മടങ്ങാൻ വളരെയധികം ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് ധനുഷ് പങ്കുവെച്ചിരിക്കുന്നത്.

ക്യാമറ കെട്ടിപിടിച്ച് നിൽക്കുന്ന ചിത്രത്തിനൊപ്പം ധനുഷ് കുറിക്കുന്നു.’ ഒരേയൊരു യഥാർത്ഥ പ്രണയം.. നിന്നെ വല്ലാതെ മിസ് ചെയ്തു’. ഷൂട്ടിംഗ് പുനഃരാരംഭിക്കാൻ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു താരം. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത ധനുഷ് പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. പതിവുപോലെ, ഈ ചിത്രവും ആരാധകർ ഏറ്റെടുത്തു.

https://www.instagram.com/p/CGPUfgRBP0O/?utm_source=ig_web_copy_link

ധനുഷ് പങ്കുവെച്ച ചിത്രത്തിന് കമന്റുകളുമായി താരങ്ങളുമെത്തി. അദിതി റാവു ഹൈദാരി, വരലക്ഷ്മി ശരത്കുമാർ, രാഷി ഖന്ന എന്നിവർ കമന്റ്റ് ചെയ്തു. ‘രാഞ്ജന’യുടെ സംവിധായകൻ ആനന്ദ് എൽ റായ് ഒരുക്കുന്ന ‘അത്രംഗി രേ’ ഒരു ത്രികോണ പ്രണയകഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അക്ഷയ് കുമാർ, സാറ അലി ഖാൻ എന്നിവർക്കൊപ്പമാണ് ധനുഷ് ചിത്രത്തിൽ വേഷമിടുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറോടെ പൂർത്തിയാക്കാനാണ് പദ്ധതി. അതിനുശേഷം കാർത്തിക് നരെയ്ൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലേക്ക് ധനുഷ് ചേക്കേറും. എല്ലാ സുരക്ഷാ നടപടികളും പാലിച്ച് മധുര, ഡൽഹി, മുംബൈ എന്നിവടങ്ങളിലായി ചിത്രീകരണം തുടരാനാണ് ടീം പദ്ധതിയിട്ടിരിക്കുന്നത്.ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ആവേശത്തിലാണ് അണിയറപ്രവർത്തകരും അഭിനേതാക്കളും. ഹിമാൻഷു ശർമയാണ് ‘അത്രംഗി രേ’യുടെ രചന നിർവഹിക്കുന്നത്. എ ആർ റഹ്മാൻ സംഗീതം പകരുന്നു. 2021ലെ പ്രണയ ദിനത്തിൽ ചിത്രം റിലീസ് ചെയ്യാമെന്നാണ് ‘അത്രംഗി രേ’ ടീം പ്രതീക്ഷിക്കുന്നത്.

Story highlights- dhanush sharing cute picture from atrangi re set